ആലപ്പുഴ: കാന്‍സര്‍ രോഗം ബാധിച്ച മകന്റെ ചികിത്സക്ക് വേണ്ടി പിരിച്ച നാല് ലക്ഷത്തോളം രൂപയുമായി ഭർത്താവ് മുങ്ങി. ആലപ്പുഴ സ്വദേശിനിയായ നിസയും ഭര്‍ത്താവും കാന്‍സര്‍ ബാധിച്ച നാലു വയസുകാരനായ മകന്റെ ചികിത്സയ്ക്കാണ് തിരുവനന്തപുരത്ത് എത്തിയത്.
ചികിത്സയ്ക്ക് ആവശ്യമായ പണം ഇല്ലാത്ത അവസ്ഥയില്‍ നിസയ്ക്കും കുടുംബത്തിനും ആശ്വാസമായി പൊതുപ്രവര്‍ത്തകനായ ഷമീര്‍ സോഷ്യല്‍ മീഡിയ വഴി നാല് ലക്ഷത്തോളം രൂപ സമാഹരിക്കുകയും അത് ഭർത്താവിന്റെ അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുകയും ചെയ്തു.
എന്നാല്‍ ലഭിച്ച പണവുമായി ഭര്‍ത്താവ് കടന്നുകളഞ്ഞു. ഇതോടുകൂടി നിസയും മകനും തെരുവിലാവുകയായിരുന്നു. തുടര്‍ന്ന് ഭക്ഷണം കഴിക്കാന്‍ പോലും നിവൃത്തിയില്ലാത്ത അവസ്ഥയില്‍ വഴിയാത്രക്കാര്‍ ഭക്ഷണം വാങ്ങി നല്‍കുന്ന വാര്‍ത്തയറിഞ്ഞ് വനിതാ കമ്മിഷന്‍ അംഗം ഡോ.ഷാഹിദാ കമാല്‍ സ്വമേധയാ വിഷയത്തില്‍ ഇടപെട്ടു.
വനിതാ കമ്മീഷന്‍ വിവരം അറിഞ്ഞ ഉടന്‍ തന്നെ നിസയെ ഫോണില്‍ ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മണക്കാട് സേവാ കേന്ദ്രത്തില്‍ രണ്ടു ദിവസം താല്‍ക്കാലിക സംരക്ഷണം ഏര്‍പ്പെടുത്തുകയും പിതാവിനെതിരെ സ്വമേധയാ കേസെടുത്ത് നിയമനടപടികള്‍ക്ക് വിധേയമാക്കുമെന്നും വനിതാ കമ്മിഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു.

