തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാർ ഒപ്പുവെച്ച ധാരണാപത്രത്തിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. കേന്ദ്ര ഫണ്ട് ലഭ്യമാകണമെങ്കിൽ നടപടികളിലേക്ക് കടക്കേണ്ടതുണ്ടെന്നും, പദ്ധതി നടപ്പിലാക്കാൻ തയ്യാറാണെന്ന് കാട്ടി മുൻ സർക്കാരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി നടപടികൾ ആരംഭിച്ചു എന്ന് ആരും പറഞ്ഞിട്ടില്ലെന്നും, തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ തങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന ബോധ്യത്തിൽ നിന്നാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഉപസമിതിയിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കുഞ്ഞാലിക്കുട്ടി നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പദ്ധതി വിഷയത്തിൽ പ്രതിപക്ഷത്തിനും കേന്ദ്രത്തിനും എതിരെ കടുത്ത വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. എൽഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായും മുസ്ലിം ലീഗ് ബിജെപിക്ക് മുന്നിൽ കീഴടങ്ങിയെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിൽ പിഎം ശ്രീ പദ്ധതി ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയിൽ ജെബി മേത്തർ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് രാഷ്ട്രീയ ആരോപണപ്രത്യാരോപണങ്ങൾ കടുക്കുന്നത്.

