കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭരണസമിതി രാജിവെച്ചപ്പോള്‍ ആദ്യം ചിന്തിച്ചത് അവരുടെ ഭീരുത്വത്തെ കുറിച്ചായിരുന്നുവെന്ന് നടി പാര്‍വതി തിരുവോത്ത്. മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ പ്രതികരണം.
അമ്മ അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്നു വന്ന ലൈംഗികാരോപണങ്ങളില്‍ പ്രതികരിക്കേണ്ട സമയത്ത് അത് ചെയ്യാതെ അവര്‍ ഒഴിഞ്ഞു മാറിയെന്ന് പാര്‍വതി പറഞ്ഞു. സര്‍ക്കാറുമായി ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ എന്തെങ്കിലുമൊരു ശ്രമം അവര്‍ നടത്തിയിരുന്നെങ്കില്‍ അത് നന്നായേനെയെന്നും പാര്‍വതി പറഞ്ഞു.
ഇപ്പോള്‍ രാജിവെച്ച എക്‌സിക്യൂട്ടീവ് കമിറ്റിയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയെ വീണ്ടും സംഘടനയിലേക്ക് സ്വാഗതം ചെയ്തത്. ലൈംഗികാരോപണങ്ങള്‍ പുറത്ത് വരുന്നത് വരെ ഇവിടെയൊരു പ്രശ്‌നവുമില്ലെന്നാണ് അവരുടെ നിലപാടെന്നും പാര്‍വതി വിമര്‍ശിച്ചു.
സ്ത്രീകള്‍ക്ക് പരാതിയുണ്ടെങ്കില്‍ മുന്നോട്ട് വരട്ടെയെന്ന സര്‍ക്കാര്‍ നിലപാടിനെതിരെയും പാര്‍വതി രംഗത്തെത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നേരത്തെ നടപ്പാക്കിയിരുന്നുവെങ്കില്‍ അതിജീവിതര്‍ക്ക് നീതിക്ക് വേണ്ടി അലയേണ്ടി വരില്ലായിരുന്നുവെന്നും പാര്‍വതി പറഞ്ഞു.