കോഴിക്കോട്: പാളയം കൊലപാതകക്കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധു ദീപകിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ദീപക് ലഹരിക്ക് അടിമയാണെന്നും പൊലീസ് വ്യക്തമാക്കി.
ബിജുവിന്റെ നേതൃത്വത്തില്‍ ദീപക്കിനെ ഡി അഡിക്ഷന്‍ സെന്ററിലും മാനസികാരോഗ്യ കേന്ദ്രത്തിലും ചികിത്സക്ക് എത്തിച്ചിരുന്നു. ഇതാണ് വൈരാഗ്യത്തിന് കാരണം. പ്രതി ഉപയോഗിച്ച കത്തി കണ്ടെത്താനായിട്ടില്ല. ബിജുവിന്റെ ഫോണ്‍, വാഹനത്തിന്റെ കീ എന്നിവ ദീപക്കിന്റെ വീട്ടില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് പാളയത്തെ വീട്ടിൽ ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. അമ്മയാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പ്രദേശവാസികളെയും ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ബിജുവിന്റേത് കൊലപാതകമാണെന്ന് വ്യക്തമായിരുന്നു.

