കോഴിക്കോട്: വടകര ലഹരി കേസില്‍ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് അന്വേഷണ സംഘം. കേസിലെ മുഖ്യകണ്ണി വയനാട് സ്വദേശിയാണെന്നാണ് സൂചന. ഇയാളെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനാണ് നീക്കം. ഇന്നലെ അറസ്റ്റിലായ ജിജില്‍ കുര്യാക്കോസില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഒരു കോടിയോളം രൂപയുടെ ഇടപാടാണ് ഇയാളുടെ അക്കൗണ്ടിലൂടെ നടന്നിരിക്കുന്നത്.
പ്രതികളുടെ ബാങ്ക് വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസില്‍ മറ്റൊരു യുവതി കൂടി നിരീക്ഷണത്തിലുണ്ടെന്നും വിവരമുണ്ട്. അറസ്റ്റിലായ അധ്യാപികമാരുടെ സുഹൃത്തായ യുവതിയാണ് നിരീക്ഷണത്തിലുള്ളത്. ബംഗളൂരുവിലാണ് നിലവില്‍ ഇവര്‍ ഉള്ളത്.
വടകര എംഡിഎംഎ കേസില്‍ അധ്യാപികമാരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം. റിമാന്‍ഡില്‍ കഴിയുന്ന കാവ്യ, കീര്‍ത്തന എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഇരുവരേയും വിശദമായി ചോദ്യം ചെയ്താല്‍ കേസിലെ മുഖ്യകണ്ണികളിലേക്ക് എത്താമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
കേസില്‍ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്. ഇന്നലെ അറസ്റ്റിലായ അധ്യാപിക നീഷ്മയെയും ഓണ്‍ലൈന്‍ ഡെലിവറി ബോയ് ജിജിലിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം അടുത്ത ദിവസം അപേക്ഷ സമര്‍പ്പിക്കും. വടകര എന്‍ഡിപിഎസ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക.

