നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റാന്‍ ഹര്‍ജി. ആക്രമണത്തിനിരയായ നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി പക്ഷപാതം കാട്ടുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
നേരത്തേ വിചാരണക്കോടതിയില്‍ പ്രോസിക്യൂഷന്‍ ഇക്കാര്യം ഉന്നയിച്ചതിനെ തുടര്‍ന്ന് വിചാരണ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.
തന്നെ ദിലീപിന്റെ അഭിഭാഷകന്‍ അധിക്ഷേപിച്ച് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ കോടതി ഇടപെട്ടില്ല, പല പ്രധാന വസ്തുതകളും കോടതി രേഖപ്പെടുത്തിയിരുന്നില്ല, നിരവധി അഭിഭാഷകരുടെ മുന്നിലാണ് തന്നെ വിസ്തരിച്ചത്, അഭിഭാഷകരെ കോടതി നിയന്ത്രിച്ചില്ല, ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് കോടതി അധിക്ഷേപിച്ചെന്ന് കേസിലെ 7ാം സാക്ഷിയായ നടി തന്നോട് പറഞ്ഞതായും കോടതിയിലെത്തിയ ഊമ കത്ത് വിചാരണ വേളയില്‍ ജഡ്ജി വായിച്ചെന്നും നടിയുടെ ഹര്‍ജിയില്‍ പറയുന്നു.
എറണാകുളത്തെ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. വനിതാ ജഡ്ജിയാണ് കേസിന്റെ വാദം കേൾക്കുന്നത്. വിചാരണ പൂർത്തിയാക്കി ജനുവരിയിൽ വിധി പറയണമെന്ന് സുപ്രീം കോടതി നിർദേശമുണ്ട്.

