ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ദിനത്തില്‍ മഹാസഖ്യത്തിന് വോട്ടുചെയ്യണം എന്നാഹ്വാനം ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്ത രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിപ്പെടും എന്ന് ബിജെപി. ബിഹാറില്‍ ഇന്നേ ദിവസം പോളിങ്ങിന്റെ ആദ്യഘട്ടം നടക്കുകയാണ്. ‘നീതി, തൊഴില്‍, കര്‍ഷക ക്ഷേമം’ എന്നിവയ്ക്കുവേണ്ടി ഈ തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ വോട്ട് മഹാ സഖ്യത്തിന് തന്നെ ചെയ്യണം ‘ എന്നായിരുന്നു രാഹുല്‍ ഗാന്ധി ബുധനാഴ്ച രാവിലെ ഹിന്ദിയില്‍ ചെയ്ത ട്വീറ്റിന്റെ സാരം.
മൂന്നു ഘട്ടങ്ങളിലായി നടക്കാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഇന്ന് 71 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് ആണ് നടന്നുകൊണ്ടിരിക്കുന്നത്. കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പോളിംഗ് പുരോഗമിക്കുന്നത്.
ഒരു പാര്‍ട്ടിക്കും പോളിംഗ് ദിനത്തില്‍ വോട്ടര്‍മാരോട് തങ്ങള്‍ക്ക് വോട്ട് ചെയ്യണം എന്നഭ്യര്‍ത്ഥിക്കാന്‍ അനുമതിയില്ല എന്നും, അത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം ആണെന്നും ബിജെപി വക്താക്കള്‍ പറഞ്ഞു. അതുകൊണ്ടുതന്നെ രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിപ്പെടാനാണ് ബിജെപിയുടെ തീരുമാനം.