കൊച്ചി: നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള BNS 74 ചേര്‍ത്തിട്ടുണ്ട് എന്ന വിശദീകരണവുമായി പാലാരിവട്ടം പൊലീസ്. എഫ്‌ഐആറില്‍ ടൈപ്പിങ് പിഴ സംഭവിച്ചു എന്നാണ് വിശദീകരണം. ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള വകുപ്പ് ചുമത്തിയില്ലെന്ന് ചൂണ്ടികാണിച്ച് അന്‍സിബ കോടതിയെ സമീപിക്കാന്‍ ഇരിക്കെയാണ് വിശദീകരണം.
പാലാരിവട്ടം എസ്എച്ച്ഒക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി ജൂഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കാനായിരുന്നു അന്‍സിബയുട നീക്കം. അന്വേഷണ ചുമതല മറ്റൊരു എസ്എച്ച്ഒയ്ക്ക് നല്‍കണമെന്ന് ആവശ്യപ്പെടാനും തീരുമാനിച്ചിരുന്നു. സമൂഹ മാധ്യമത്തിലൂടെ തന്നെ അപമാനിച്ചുവെന്ന അന്‍സിബയുടെ പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരമാണ് ലക്ഷ്മിപ്രിയക്കെതിരെ പൊലീസ് കേസ് എടുത്തത്. എന്നാല്‍, മനനഷ്ടവുമായി ബന്ധപ്പെട്ട വകുപ്പ് മാത്രം ചേര്‍ത്ത് കേസ് എടുത്തതാണ് വിമര്‍ശനത്തിനിടയാക്കിയത്.
യൂട്യൂബ് വഴി നടത്തുന്ന അപവാദപ്രചാരണം തടയണമെന്ന് ആവശ്യപ്പെട്ട് മുന്‍പ് പാലാരിവട്ടം പൊലീസിലും കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കും അന്‍സിബ പരാതി നല്‍കിയിരുന്നു. അതിനു ശേഷം, നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാതെ സ്വകാര്യ പരാതിയായി പരിഗണിക്കാനാണ് കോടതി ഉത്തരവിട്ടത്.
മജിസ്ട്രേറ്റ് കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കണമെന്നും കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് അന്‍സിബ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി നിര്‍ദേശം അനുസരിച്ചാണ് മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

