ജില്ലാതല സാക്ഷരത തുടര്‍ വിദ്യാഭ്യാസ കലോത്സവം ഒക്ടോബര്‍ അവസാന വാരം തിക്കോടി പഞ്ചായത്തിലെ പയ്യോളി ജി.വി.എച്ച്.എസ്.എസില്‍ നടക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ചേര്‍ന്ന സാക്ഷരതാ സമിതി യോഗത്തിലാണ് തീരുമാനം. ജില്ലാതല പരിപാടിക്ക് മുന്നോടിയായി ഗ്രാമ ബ്ലോക്ക് നഗരസഭ കലോത്സവങ്ങള്‍ നടത്തി വരികയാണ്. നവംബറില്‍ തിരുവനന്തപുരമാണ് ഒമ്പതാമത് സംസ്ഥാന തുടര്‍വിഭ്യാസ കലോത്സവത്തിന് വേദിയാകുന്നത്. പഠനത്തോടൊപ്പം ഭാഷാ നൈപുണ്യത്തിന് ശ്രദ്ധിക്കണമെന്നും ഇതിനായുള്ള പദ്ധതികള്‍ വര്‍ദ്ധിപ്പിക്കണമെന്നും യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഭാഷാ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ ഗുഡ് ഇംഗ്ലീഷ്, അച്ഛി ഹിന്ദി, പച്ചമലയാളം കോഴ്സുകള്‍ വിജയകരമായി നടത്തുന്നുണ്ട്. ഭാഷാ മികവ് വര്‍ദ്ധിപ്പിക്കുന്ന കോഴ്സുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രചാരം വര്‍ദ്ധിപ്പിക്കണമെന്ന് പ്രസിഡന്റ് അറിയിച്ചു.
സാക്ഷരത മിഷന് കീഴില്‍ ജില്ലയില്‍ 187 വിദ്യാകേന്ദ്രങ്ങളാണുള്ളത്. ഇതില്‍ 31 എണ്ണം വികസന വിദ്യാകേന്ദ്രങ്ങളും 156 തുടര്‍ വിദ്യാകേന്ദ്രങ്ങളുമാണ്. നിരക്ഷരത നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യവുമായി നടപ്പാക്കിയ അക്ഷരലക്ഷം സാക്ഷരത പരിപാടിയില്‍ കഴിഞ്ഞ ബാച്ചില്‍ 1521 സ്ത്രീകളും 233 പുരുഷന്മാരുമുള്‍പ്പെടെ 1754 പേര്‍ പരീക്ഷ എഴുതി. ഇതില്‍ 419 പട്ടികജാതിക്കാരും 55 പട്ടിക വര്‍ഗക്കാരും ഉള്‍പ്പെടുന്നു. നിലവില്‍ നടപ്പാക്കി വരുന്ന കോളനികളിലെ സാക്ഷരത പരിപാടിയില്‍ 177കോളനികളില്‍ നിന്നായി 2745 പഠിതാക്കളാണ് അക്ഷരമധുരം ലഭ്യമാക്കുന്നത്. നാലാംതരം തുല്യത ക്ലാസില്‍ 1847 പേരും ഏഴാംതരം തുല്യതയ്ക്ക് 1561 പേരും പത്താംതരം തുല്യത പഠനത്തിനായി 3243 പേരുമാണ് പുതിയ ബാച്ചിലുളളത്. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 1648 പേര്‍ ഇത്തവണ ഒന്നാംവര്‍ഷ പരീക്ഷ എഴുതി.
നവചേതന പദ്ധതിയില്‍ തെരഞ്ഞെടുത്ത 9 പട്ടികജാതി കോളനിയില്‍ 144 പഠിതാക്കളുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ചങ്ങാതി പദ്ധതി നടപ്പാക്കുന്നതിനായി ഒളവണ്ണ പഞ്ചായത്തില്‍ സര്‍വ്വെ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പദ്ധതിയില്‍ 589 പഠിതാക്കളാണുള്ളത്. ആദിവാസി ഊരുകളില്‍ നടപ്പാക്കുന്ന സമഗ്ര പദ്ധതിയില്‍ നാലാംതരം തുല്യതയ്ക്ക് 92 പഠിതാക്കളും ട്രാന്‍സ്ജന്‍ഡര്‍മാര്‍ക്കായുള്ള സമന്വയ പദ്ധതിയില്‍ മൂന്ന് പഠിതാക്കളുമുണ്ട്.
അന്തരിച്ച സാക്ഷരതാ പ്രവര്‍ത്തകരായിരുന്ന കൊടക്കാട് ശ്രീധരന്‍ മാസ്റ്റര്‍, ബാലന്‍മാസ്റ്റര്‍ എന്നിവരെ അനുസ്മരിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്. സാക്ഷരത മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി.അബ്ദുല്‍ റഷീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി (ഇന്‍ ചാര്‍ജ്) വി.ബാബു, പ്രൊഫ.കെ.ശ്രീധരന്‍, ജാനമ്മ കുഞ്ഞുണ്ണി, കെ.വിജയന്‍, എം.ഡി വത്സല, എം.രാമദാസന്‍, കെ.എം.സോഫിയ, വി.എം രാധാകൃഷ്ണന്‍ (അസി. കോ ഓര്‍ഡിനേറ്റര്‍ സാക്ഷരത മിഷന്‍) എന്നിവര്‍ സംസാരിച്ചു.

