ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച്ച.
വയനാട് ദുരന്തബാധിതരുടെ പുനരധിവാസം, പ്രളയ ദുരിതാശ്വാസം എന്നിവയടക്കം കേരളത്തിന്റെ വിവിധ ആവശ്യങ്ങളുമായാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത്.
തിങ്കളാഴ്ച വൈകീട്ട് ഡല്‍ഹി കേരള ഹൗസിലെത്തിയ മുഖ്യമന്ത്രി ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രിയെ കണ്ടുമടങ്ങിയത്. ഉരുള്‍ ദുരന്തത്തിന്റെ ആഘാതം വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറി. 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം.
നേരത്തെ വയനാട്ടില്‍ സന്ദര്‍ശനം നടത്തിയ മോദി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം തടസമാകില്ലെന്ന് അറിയിച്ചിരുന്നെങ്കിലും കേരളത്തിന്റെ സാമ്പത്തിക പാക്കേജിനോടുള്ള പ്രതികരണം പുറത്തുവന്നിട്ടില്ല.