മുഖ്യമന്ത്രി ഇപ്പാള്‍ നിവര്‍ന്നുനില്‍ക്കുന്ന ഊന്നുവടി കോണ്‍ഗ്രസിനോ, യുഡിഎഫിനോ ആവശ്യമില്ല; പ്രതിപക്ഷ നേതാവ്

0
103

കേരളത്തിലെ കോണ്‍ഗ്രസിന് ഉയര്‍ന്നുനില്‍ക്കാനുള്ള ഊന്നുവടികളൊന്നും എല്‍ഡിഎഫില്‍ ഇല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അദ്ദേഹം ഇപ്പോള്‍ നിവര്‍ന്നുനില്‍ക്കുന്ന ഊന്നുവടി കേരളത്തിലെ യുഡിഎഫിനോ കോണ്‍ഗ്രസിനോ ആവശ്യമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

ലാവ്ലിന്‍ കേസില്‍ നിന്നും സ്വര്‍ണക്കടത്തുകേസില്‍ നിന്നും രക്ഷപ്പെടാന്‍ ബിജെപി സര്‍ക്കാര്‍ നല്‍കിയ ഊന്നുവടിയിലാണ് മുഖ്യമന്ത്രി നിവര്‍ന്നുനില്‍ക്കുന്നത്. അത് ഞങ്ങള്‍ക്ക് വേണ്ട. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് അതിന്റെ ജനകീയ അടിത്തറ വിപുലമാക്കുന്നതില്‍ എന്തിനാണ് മുഖ്യമന്ത്രി അസ്വസ്ഥനാകുന്നത്. അടുത്തിടെയായി മുഖ്യമന്ത്രിയില്‍ വല്ലാത്ത രീതിയില്‍ അരക്ഷിതത്വബോധം വളരുകയാണ്. അതാണ് ഇങ്ങനെ മറ്റുള്ളവരെ പരിഹസിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലിരുന്ന് ഒരു മന്ത്രി, വിദേശ ഭരണാധികാരിക്ക് കത്തെഴുതിയത് അദ്ദേഹം അറിഞ്ഞിട്ടുകൂടിയില്ല. ഇതുവരെ ജലീലിനോട് ഒന്ന് സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് സമയം കിട്ടിയിട്ടില്ല. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ഇരുന്നുകൊണ്ട് അധികാര ദുര്‍വിനിയോഗം ചെയ്ത്, പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ ജലീലിനോട് ഗൗരവകരമായ ഇക്കാര്യം ചോദിച്ചില്ല എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും സതീശന്‍ പറഞ്ഞു.

കൂടാതെ, തുടര്‍ഭരണം കിട്ടിയപ്പോള്‍ കൂടെ ലഭ്യമായ ധാര്‍ഷ്ട്യം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന രീതിയിലായിരുന്നു സില്‍വര്‍ ലൈന്‍ കേരളത്തില്‍ അവതരിപ്പിക്കപ്പെട്ടതെന്ന് സതീശന്‍ പറഞ്ഞു. അതിനെതിരെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് മാത്രമല്ല സമരങ്ങളെ അധികാരത്തിന്റെ ബുള്‍ഡോസറുകള്‍ കൊണ്ട് അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടത്തിയത്.

കേന്ദ്രത്തിന്റെ അനുമതിയില്ലാതെ, റെയില്‍വേ ബോര്‍ഡിന്റെ ആനുമതിയില്ലാതെ, ഡിപിആര്‍ പോലും പൂര്‍ണമായി തയ്യാറാക്കാതെ, ആലൈന്‍മെന്റ് തീരുമാനിക്കാതെ എന്തിന് വേണ്ടിയാണ് ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയതെന്നും സതീശന്‍ ചോദിച്ചു. ജപ്പാന്‍ കമ്പനിയുമായി ധാരണയുണ്ടാക്കി ഭുമി ഏറ്റെുടത്ത് വലിയ തുക ലോണ്‍ എടുത്ത് വന്‍ അഴിമതി ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീങ്ങിയത്. അതായിരുന്നു ഇക്കാര്യത്തില്‍ അനാവശ്യമായ ധൃതി കാണിച്ചത് സതീശന്‍ പറഞ്ഞു. ഈ പദ്ധതി നടപ്പാക്കിയാല്‍ പ്രകൃതി ദുരന്തം ക്ഷണിച്ചുവരുത്തുമെന്നും ശ്രീലങ്കയെപോലെ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിക്കുമെന്നും സതീശന്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here