കാസർഗോഡ്: ബദിയെടുക്ക കന്യാപാടി സ്വദേശി സിദ്ധിഖിന്റെ മക്കളായ മൊയ്തീന്‍ ഷിനാസ് (നാലര വയസ്സ്), ഷിഹാറത്തുല്‍ മന്‍ ജഹാന്‍ (6 മാസം) പിഞ്ചുസഹോദരങ്ങള്‍ മണിക്കൂറുകളുടെ മാറ്റത്തിൽ മരിച്ച സംഭവത്തിൽ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധന റിപ്പോർട്ട് ലഭിച്ചു. മരണ കാരണം മിലിയോഡോസിസ് ബാധയെന്ന് അധികൃതർ അറിയിച്ചു. .മലിന ജലത്തിലൂടെയും മലിനമായ ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെയുമാണ് രോഗം പടരുന്നത്.
പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍, പ്രായമേറിയവര്‍, ഗര്‍ഭിണികള്‍ എന്നിവരെയാണ് ഈ രോഗം കാര്യമായി ബാധിക്കുക. ചികിത്സ വൈകുന്തോറും മരണ സാധ്യതയും കൂടും. മാതാപിതാക്കളടക്കം, കുട്ടികളെ പരിചരിച്ച നാലുപേര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്.
മലിനമായ വെള്ളത്തില്‍ നിന്നോ ചെളിയില്‍ നിന്നോ ബാക്ടീരിയ മൂലം പിടിപെടുന്ന രോഗമാണ് മിലിയോഡോസിസ്. കനത്ത മഴയെത്തുടര്‍ന്ന് കാസര്‍കോട് ജില്ലയുടെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറിയിരുന്നു. ഇപ്പോഴും വെള്ളം പൂര്‍ണമായും ഇറങ്ങിയിട്ടില്ല. മഴക്കാലത്ത് ഈ രോഗം പടരുവാന്‍ സാധ്യത ഏറെയാണ്.