റിയാദ് : സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ ശിക്ഷ കാലാവധി അവസാനിക്കാനിരിക്കെ മോചനനത്തിനായുള്ള നടപടികൾ ഊർജ്ജിതമാക്കിയെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചു.
സൗദി കോടതിയുടെ അന്തിമ വിധിയനുസരിച്ചുള്ള 20 വർഷത്തെ തടവ് ശിക്ഷ അടുത്താഴ്ചയോടെ പൂർത്തിയാകും. അതോടെ അഭ്യന്തര മന്ത്രാലയം എക്സിറ്റ് വിസ നൽകും.അതോടെ സൗദി സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള നടപടികൾ പൂർത്തിയാകും .തുടർന്ന് യാത്ര തിയ്യതി ക്രമീകരിച്ച് നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
ജയിൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികൾ പൂർത്തിയായാൽ രാജ്യം വിടാനുള്ള രേഖയായ എമർജൻസി സർട്ടിഫിക്കറ്റ്( വൈറ്റ് പാസ്പോർട്ട് ) ഇന്ത്യൻ എംബസ്സി തയ്യാറാക്കിയാതായി സാമൂഹ്യപ്രവർത്തകനും കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയുമായ സിദ്ധിഖ് തുവ്വൂർ പറഞ്ഞു.
ഇന്ത്യൻ എംബസിയും ഉദ്യോഗസ്ഥരും കൃത്യമായി ഇടപെടുന്നുണ്ടെന്നും കാലതാമസമില്ലാതെ തന്നെ മോചനം സാധ്യമാകുമെന്നുമാണ് പ്രതീക്ഷയെന്നും സഹായസമിതി പ്രതീക്ഷ പ്രകടിപ്പിച്ചു.
ലോക മലയാളികൾ കൈകോർത്ത മഹാ ദൗത്യം ലക്ഷ്യം കാണാൻ ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും, തുടക്കം മുതൽ അവസാന ഘട്ടം വരെ ദൗത്യത്തിൽ ചേർന്ന് നിന്ന അസംഖ്യം മനുഷ്യ സ്നേഹികളോടുള്ള നന്ദി സഹായ സമിതിക്ക് വേണ്ടി അറിയിക്കുകയാണെന്ന് സമിതി മുഖ്യരക്ഷധികാരി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു.
റിയാദ് സഹായ സമിതി ചെയർമാൻ സി പി മുസ്തഫ, ജനറൽ കൺവീനർ അബ്ദുള്ള വല്ലാഞ്ചിറ, ട്രഷറർ സെബിൻ ഇഖ്ബാൽ എന്നിവരുടെ നേതൃത്വത്തിൽ ഇത് വരെയുള്ള പുരോഗതി വിലയിരുത്തി.
നടപടി പൂർത്തിയാക്കി നാട് കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയാൽ ഉടനെ വിമാന ടിക്കറ്റ് നൽകി നാട്ടിലേക്ക് അയക്കാൻ സംവിധനം ഒരുക്കുമെന്ന് ചെയർമാൻ സി പി മുസ്തഫ പറഞ്ഞു.
വൈസ് ചെയർമാൻ മുനീബ് പാഴൂർ,കോർ കമ്മറ്റി കോഡിനേറ്റർ നാസർ കാരന്തൂർ, കോഡിനേറ്റർ ഹർഷദ് ഫറോക്ക്, ജോയിൻ്റ് കമ്മറ്റി മീഡിയ കൺവീനർ ഷകീബ് കൊളക്കാടൻ, യൂസഫ് കാക്കഞ്ചേരി, കുഞ്ഞോയി കോടമ്പുഴ, മൊഹിയുദ്ധീൻ സഹീർ, നവാസ് വെള്ളിമാട്കുന്ന്,മൊയ്‌തീൻ കോയ കല്ലമ്പാറ, സുരേന്ദ്രൻ കൂട്ടായി, സുധീർ കുമ്മിൾ, മുഹമ്മദ് നജാത്തി, ഷമീം മുക്കം, മീഡിയ കൺവീനർ നൗഫൽ പാലക്കാടൻ എന്നീ സമിതി അംഗങ്ങൾ സംബന്ധിച്ചു. ഫറോക്കിലെ സഹായ ട്രസ്റ്റുമായുള്ള ഓൺലൈൻ യോഗം ഉടൻ ചേരുമെന്നും സഹായ സമിതി അറിയിച്ചു.

