ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ച സംഭവത്തില്‍ സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഫെഫ്ക. തിങ്കളാഴ്ച സെന്‍സര്‍ ബോര്‍ഡ് ഓഫീസിനു മുന്നില്‍ ഒരു ദിവസം നീണ്ടു നില്‍ക്കുന്ന സമരം നടത്തുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫെഫ്കയും AMMA യും ഉള്‍പ്പെടെ സമരത്തില്‍ പങ്കാളികളാകും. റിവൈസിങ് കമ്മറ്റി കണ്ടിട്ടും ഇതു വരെ രേഖാമൂലം അറിയിപ്പ് നിര്‍മ്മാതാക്കള്‍ക്ക് കിട്ടിയിട്ടില്ല. കഥാപാത്രത്തിന്റെ പേര് മാറ്റണം എന്ന് മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. സമാനമായ സംഭവങ്ങള്‍ രണ്ടു തവണ ഉണ്ടായി.
ടീസറിനും ട്രെയിലറിനും ഒരു മാനദണ്ഡം സിനിമയ്ക്ക് മറ്റൊരു മാനദണ്ഡം എന്ന രീതിയാണ് സെന്‍സര്‍ ബോര്‍ഡ് കാണിക്കുന്നത്. ജെഎസ്‌കെ എന്ന സിനിമയ്ക്ക് വേണ്ടി മാത്രമുള്ള പോരാട്ടമല്ല ഇത് എന്നും കോടതിയില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ആശാന്റെ സീത ഇന്നും നമ്മളോട് സംസാരിക്കുന്നുണ്ട്. ആ സീതയെ നിശബ്ദയാക്കാനാണ് ശ്രമിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.