പോണ്ടിച്ചേരി സർവകലാശാലയിൽ വിദ്യാർഥി സമരം. മെസിൽ വിതരണം ചെയ്യുന്നത് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണമെന്ന് കാണിച്ചാണ് വിദ്യാർഥികൾ അനിശ്ചിതകാല സമരം ആരംഭിച്ചത്. മെസ് വാർഡനെതിരെയും മെസ് കോൺട്രാക്ടർക്കെതിരെയും നടപടി വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം
കഴിഞ്ഞ കുറച്ചുനാളുകളായി മെസിൽ നിന്നും വിതരണം ചെയ്യുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷണമെന്നാണ് വിദ്യാർഥികളുടെ ആരോപണം. പല തവണ ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നടപടിയെടുക്കാമെന്ന സർവകലാശാലയുടെ വാഗ്ദാനങ്ങൾ പാലിയ്ക്കപ്പെടാത്തതോടെയാണ് വിദ്യാർഥികൾ സമരവുമായി രംഗത്തിറങ്ങിയത്.
ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിയ്ക്കേണ്ട മെസ് വാർഡനെതിരെയും മെസ് നടത്തിപ്പുകാരനെതിരെയും നടപടിയെടുക്കണമെന്നും, വിദ്യാർഥി, അധ്യാപക പ്രതിനിധികളെ ഉൾപ്പെടുത്തി മെസ് കമ്മിറ്റി രൂപീകരിയ്ക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു. നിലവിൽ മെസ് കമ്മിറ്റി ഇല്ലാത്തതാണ് പ്രശ്നങ്ങളുടെ പ്രധാനകാരണമെന്നും വിദ്യാർഥികൾ ആരോപിയ്ക്കുന്നു.

