തനിക്ക് ലഭിക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പ്രതികരണവുമായി നടി ഭാവന. വസ്ത്രധാരണത്തിന്റെ പേരിലാണ് ആക്രമണം. എല്ലാം ശരിയാകും എന്ന് സ്വയമേ വിചാരിച്ച് ജീവിച്ച് തീർക്കാൻ നോക്കുമ്പോൾ താൻ എന്ത് ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകൾ കൊണ്ട് വേദനിപ്പിക്കാനും ഒരുപാട് പേർ ഉണ്ടെന്ന് അറിയാം. അങ്ങനെ സന്തോഷം കണ്ടെത്താനാകുന്നവരെ തടയുന്നില്ലെന്നാണ് ഭാവന പറയുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് നടിയുടെ പ്രതികരണം.
“എല്ലാം ശരിയാകും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞ് ജീവിച്ച് തീർക്കാൻ നോക്കുമ്പോൾ, എന്റെ പ്രിയപ്പെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ച് സങ്കടങ്ങൾ മാറ്റി വെക്കാൻ നോക്കുമ്പോഴും, ഞാൻ എന്ത് ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകൾ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ച് വീണ്ടും ഇരുട്ടിലേയ്ക്ക് വിടാൻ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് എനിക്ക് അറിയാം. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങൾക്ക് സന്തോഷം കിട്ടൂന്നത് എങ്കിൽ അതിലും ഞാൻ തടസം നിൽക്കില്ല,” ഭാവന എഴുതി. ഈയിടെയാണ് നടി ഭാവന ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയ ചിത്രങ്ങൾക്കും വീഡിയോയും സൈബറിടത്തിൽ വ്യാപകമായി പ്രചരിച്ചത്. ധരിച്ച വസ്ത്രത്തിനടിയിൽ ശരീരം കാണുന്നു എന്നായിരുന്നു ആക്ഷേപം.

