കോഴിക്കോട്; പ്രളയത്തില്‍ തകര്‍ന്ന വയനാടിന്റെ കാര്‍ഷിക അന്തരീക്ഷം തിരിച്ചു പിടിക്കുന്നതിന് ജില്ലയിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങാന്‍ എല്ലാവരും മുന്നോട്ടു വരണമെന്ന് തൊഴില്‍- എക്സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണ്‍ അഭ്യര്‍ഥിച്ചു.
വയനാട്ടിലെ പ്രളയബാധിത പ്രദേശത്തെ ഉത്പന്നങ്ങള്‍ സംഭരിച്ച് ന്യായവിലയില്‍ വിറ്റഴിക്കുന്നതിന് കോഴിക്കോട് സിവില്‍സ്റ്റേഷനിലും മുതലക്കുളം മൈതാനിയിലും ആരംഭിച്ച വിപണികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉത്പന്നത്തിന്റെ യഥാര്‍ഥ വിലയെക്കാള്‍ കൂടുതള്‍ നല്‍കി കര്‍ഷകര്‍ക്ക് കൈത്താങ്ങാകാന്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ കൃഷിവകുപ്പാണ് വയനാട്ടിലെ കാര്‍ഷിക ഉത്പന്നങ്ങളുടെ ന്യായവില വിപണികള്‍ തുറന്നത്. വയനാട്ടിലെ സംഭരണകേന്ദ്രങ്ങളില്‍ സംഭരിച്ച ഉല്‍പ്പന്നങ്ങള്‍ മൂന്നു ദിവസങ്ങളിലായാണ് കോഴിക്കോട് സിവില്‍ സ്റ്റേഷനിലും മുതലക്കുളം ഗ്രാണ്ടിലും ആരംഭിക്കുന്ന വില്‍പ്പന കേന്ദ്രത്തിലൂടെ വിറ്റഴിക്കുക.
കാലവര്‍ഷം കാര്‍ഷികമേഖലയെ തകര്‍ത്തെറിഞ്ഞപ്പോള്‍ അതിജീവിച്ച കര്‍ഷകര്‍ക്ക് മികച്ച വിലയില്‍ അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് അവസരമൊരുക്കുകയാണ് ഈ പദ്ധതിയിലൂടെ കൃഷിവകുപ്പ്.
പൂര്‍ണ്ണമായും സേവന അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ലാഭം മുഴുവന്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും.
ഗ്രാമീണ മേഖലയില്‍ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വളരെ വിലകുറച്ചാണ് ഇടനിലക്കാര്‍ വാങ്ങി മൊത്ത വിപണികളില്‍ എത്തിക്കാറുള്ളത്. കര്‍ഷകര്‍ക്ക് വിളവെടുക്കുന്നതിനും ഗതാഗതത്തിനും ചെലവാകുന്ന തുകപോലും മിക്ക അവസരങ്ങളിലും ലഭിക്കാറില്ല. ഈ സാഹചര്യത്തില്‍ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിനാണ് കര്‍ഷകരില്‍ നിന്നും സര്‍ക്കാര്‍ നേരിട്ട് സംഭരിച്ച് വില്‍ക്കുന്നത്.
സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ എ പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ സാംബശിവറാവു, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.