കണ്ണൂർ: കെ. സുധാകരനെതിരെ അഴിമതി ആരോപണവുമായി പ്രശാന്ത് ബാബു രംഗത്ത്. വനംമന്ത്രിയായ ശേഷം കെ. സുധാകരൻ നിരന്തരം അഴിമതി നടത്തിയെന്നും ഇക്കാര്യങ്ങൾ അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും പ്രശാന്ത് ബാബു പറഞ്ഞു. . 2021 ജൂണിലാണ് വിജിലൻസിൽ പ്രശാന്ത് ബാബു പരാതി നൽകിയത്. സുധാകരന്റെ പ്രധാന വീക്ക്നെസ് പണമാണെന്ന് പ്രശാന്ത് ബാബു മാധ്യമങ്ങളോട് പറഞ്ഞു.
‘‘വനംമന്ത്രിയായ ശേഷം സുധാകരൻ നിരന്തരം അഴിമതി നടത്തി. ഇക്കാര്യങ്ങൾ അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അന്വേഷണം നടത്താമെന്ന് പറഞ്ഞെങ്കിലും പിന്നീട് തുടർചലനുണ്ടായില്ല. താൻ നഗരസഭാ കൗൺസിലറായിരിക്കേ സുധാകരൻ വൻ അഴിമതിക്ക് ശ്രമിച്ചു. പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും, ഇപ്പോൾ പിടിക്കപ്പെട്ടു. രാജാസ് സ്കൂൾ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നടന്നത് വൻ അഴിമതിയാണ്. പലരിൽ നിന്നും സുധാകരൻ പണം വാങ്ങി’’– പ്രശാന്ത് ബാബു വിശദീകരിച്ചു. നാളെ മൊഴിയെടുക്കാൻ വിജിലൻസ് വിളിച്ചിട്ടുണ്ടെന്നും കൃത്യമായ കാര്യങ്ങൾ പറയുമെന്നും പ്രശാന്ത് ബാബു പറഞ്ഞു.
പ്രശാന്ത് ബാബുവിന്റെ പരാതിയിൽ വിജിലൻസ് കോഴിക്കോട് യൂണിറ്റാണ് സുധാകരനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയത്. സ്കൂൾ അധ്യാപികയായിരുന്ന സുധാകരന്റെ ഭാര്യയുടെ ശമ്പള വിവരങ്ങൾ തേടി സ്കൂൾ പ്രിൻസിപ്പലിന് വിജിലൻസ് നോട്ടിസ് നൽകി. 2001 മുതലുള്ള ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിവരം നൽകണമെന്നാണ് വിജിലൻസ് ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ണൂർ കാടാച്ചിറ ഹൈസ്കൂളിൽ അധ്യാപികയായിരുന്നു സ്മിത സുധാകരൻ. എന്നാൽ കള്ളപ്പണമുണ്ടെങ്കൽ കണ്ടെത്തട്ടെ എന്നായിരുന്നു വിജിലൻസ് അന്വേഷണത്തോടുള്ള സുധാകരന്റെ പ്രതികരണം.

