പന്തീരാങ്കാവ്: ഒളവണ്ണയിൽ മണ്ണിടിച്ചിൽ രണ്ടു വീടുകളുടെ പിൻവശവും കിണറും തകർന്നു. കൊടൽ നടക്കാവ് പറപ്പാറ കുന്നിൻ്റെ തെക്കുഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. മരങ്ങളും കല്ലുകളും പതിച്ച് രണ്ടു വീടുകളുടെ പിൻവശവും കിണറും തകർന്നു. സമീപത്തെ മൂന്ന് വീടുകൾ അപകടഭീഷണിയിൽ. വലിയ ഉരുളൻ കല്ലുകൾ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ.
പാലാഴി ഹൈലൈറ്റ് മാളിന് സമീപം പാലാഴി അത്താണിക്കൽ എംഎൽഎ റോഡ് ജങ്ഷനിൽ റോഡ് വെള്ളത്തിലായി. കൈമ്പാലം, പള്ളിപ്പുറം റോഡ്, കൊടിനാട്ടുമുക്ക് റോഡ്, തൊണ്ടിലക്കടവ്, കൂടത്തുംപാറ, കുന്നത്ത്പാലം തുടങ്ങിയ പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കടകളിലും വീടുകളിലും വെള്ളംകയറുന്ന സ്ഥിതിയായിരുന്നു. മുൻകരുതലിന്റെ ഭാഗമായി ചില കുടുംബങ്ങൾ മാറി താമസിച്ചു. കുന്നത്തുപാലം ഭാഗത്ത് മാമ്പുഴ കരകവിഞ്ഞ് ഒഴുകിയതോടെ കുന്നത്ത്പാലം കയർ സൊസൈറ്റിയിൽ വെള്ളം കയറി. ചകിരി, കയർ ഉൾപ്പെടെ വെള്ളത്തിനടിയിലായി.
പഞ്ചായത്ത് പ്രസിഡന്റ് എം എസ് സുലിൻ, മറ്റ് പഞ്ചായത്ത് ഭാരവാഹികൾ ഉൾപ്പെടുന്ന വെള്ളം കയറിയ സ്ഥലങ്ങൾ, അപകാടവസ്‌ഥയിലുള്ള എന്നിവ സന്ദർശിച്ച് സ്‌ഥിതിഗതികൾ വിലയിരുത്തി. ആവശ്യമായ നിർദേശങ്ങൾ നൽകി. പഞ്ചായത്തിൽ അടിയന്തര ഘട്ടങ്ങളിൽ ആളുകളെ മാറ്റി പാർപ്പിക്കുന്നതിന് സ്കൂളുകൾ കേന്ദ്രീകരിച്ച് ക്യാമ്പ് സജ്ജീകരിക്കാൻ തീരുമാനിച്ചു.

