കുന്ദമംഗലം : “നവാസ്, നിങ്ങൾക്കിതർഹതപ്പെട്ടതാണ്, ഫുട്ബോൾ രക്തത്തിലലിഞ്ഞു ചേർന്ന എന്റെ പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ ” കെ എഫ് ടി സി ഭാരവാഹിയായ പ്രസാദ് വി.ഹരിദാസന്റെ വാക്കുകളാണിത്. ആ വാക്കുകൾ ആരെ കുറിച്ചെന്നല്ലേ? കുന്ദമംഗലത്തുക്കാരുടെ അഭിമാനമായി മാറിയ കോച്ച് പി.നവാസ് റഹ്മാനെ കുറിച്ച്. സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ടൂർണ്ണമെൻറിൽ നവാസ് പരിശീലിപ്പിച്ച കോഴിക്കോട് ജില്ലാ ടീം ജേതാക്കളായ ശേഷം എഴുതിയ കുറിപ്പാണിത്.
ആ വാക്കുകൾ വളരെ ശരിയാണ് പി.നവാസ് റഹ്മാന്റെ ജീവിതത്തിൽ കാൽപന്ത് കളി അലിഞ്ഞു ചേർന്നതാണ്. കോഴിക്കോടൻ ഫുട്ബോൾ പരിശീലകർക്കിടയിൽ പുതിയ പ്രതീക്ഷയാണ് നവാസ്. ജ്യേഷ്ഠനും പ്രശസ്ത ഫുട്ബാൾ കളിക്കാരനും, പരിശീലകനുമായ പി. നിയാസ് റഹ്മാന്റെ വഴിയിൽ വിഖ്യാത ഫുട്ബോൾ കളിക്കാരൻ കോഴിക്കോടിന്റെ സ്വന്തം ഒളിമ്പ്യൻ അബ്ദുറഹ്മാന്റെ കീഴിൽ ഫുട്ബോൾ പരിശീലനം ആരംഭിച്ച നവാസ് ഗവ: പോളിടെക്നിക്ക്, ദേവഗിരി കോളേജ്, എഫ്.സി. കൊച്ചിൻ, കണ്ണൂർ കെൽട്രോൺ, ഫ്രാൻസ ഗോവ, ഹൈവാഡ്സ് മുംബൈ, മുംബൈ യുണൈറ്റഡ്, അക്ബർ ട്രാവൽസ് മുംബൈ,ക്വാർട്സ് എഫ് സി, എഫ് സി. കുന്ദമംഗലം എന്നീ ജില്ലയിലെയും, സംസ്ഥാനത്തെയും, ഇന്ത്യയിലെയും മികച്ച ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചു.കൂടാതെ സീനിയർ തലത്തിൽ കോഴിക്കോട്, കണ്ണൂർ ജില്ലക്കും കളിച്ചു.

ആദ്യം ഡിഫൻഡറായും, പിന്നീട് മിഡ്ഫീൽഡറായും തന്റെ പ്രാഗത്ഭ്യം പല തവണ തെളിയിച്ചു. സജീവ ഫുട്ബോളിൽ നിൽക്കെ പരിശീലകനുമായി. എ ഐ എഫ് എഫ് ന്റെ ഡി, സി ലൈസൻസ് നേടിയിട്ടുണ്ട്. കെ എഫ് ടി.സി, സെവൻ സ്പോർട്സ് എഫ് സി. കുന്ദമംഗലം എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സെവൻ സ്പോർട്സ് എ ഫ് സി യുടെ ചീഫ് കോച്ചാണ്.ഇതേ ടീമിന്റെ ടെക്നിക്കൽ ഡയറക്ടറായി പ്രവർത്തിയ്ക്കുന്നതാവട്ടെ സഹോദരൻ നിയാസ് റഹ്‌മാനും (മുൻ കേരളാ ജൂനിയർ ഫുട്ബോൾ ടീം കോച്ച് ) . സഹ പരിശീലകരായി നൗഫൽ ബഷീർ (സി ലൈസൻസ് ) ചന്ദ്രൻ ,ഫവാസ്,ശ്രീധനേഷ് എന്നിവർ ഒപ്പമുണ്ട്.

കഴിഞ്ഞ വർഷം സെവൻ സ്പോർട്സ് എഫ് സി. അണ്ടർ വിഭാഗത്തിൽ കെ എഫ് എ സംസ്ഥാന തല മൽസരത്തിലേക്ക് കോഴിക്കോട് ജില്ലയിൽ നിന്നും യോഗ്യത നേടിയിരുന്നു ടീം സെവൻ സ്പോർട്സ് എ ഫ് സി.
ഉയർച്ചയുടെ ഈ ഘട്ടത്തിൽ കൂടെ നിന്ന സുഹൃത്തുക്കളോടും പരിശീലനത്തിന് ആവിശ്യമായ സൗകര്യം ഒരുക്കി തന്ന കുന്ദമംഗലം ഹൈസ്കൂൾ മാനേജർ വസന്ത രാജിനും മാനേജ്മെന്റിനും ഒപ്പം സർവ്വ പിന്തുണയുമായി കൂടെയുള്ള കോഴിക്കോട് ഡി എഫ് എ യ്ക്കും പരിശീലനത്തിന് എത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കും നവാസ് നന്ദി രേഖപ്പെടുത്തി .
കാരന്തൂരിലെ പരേതനായ വോളിബോൾ താരം പുല്ലാട്ട് അബ്ദുറഹ്മാന്റെയും, വിഖ്യാത ഫുട്ബോൾ സംഘാടകൻ ടി. അബൂബക്കറിന്റെ മകൾ ടി.സഫിയ റഹ്‌മാന്റേയും മകനാണ്. ഭാര്യ -ഷിജ്ന .മക്കൾ: നേഹ നവാസ്, നഷ് വ സഫിയ, നാസിഹ് റഹ്മാൻ.