ഭോപ്പാല്‍: പൂജയ്ക്കിടെ വിവാഹിതയായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പുരോഹിതന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഛിന്ദ്വാരയിലാണ് സംഭവം. സ്ത്രീയുടെ പരാതി പ്രകാരം, ഏപ്രില്‍ 25-നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ പണ്ഡിറ്റ് ഗണേഷ് പ്രസാദ് സരളിനെ പരാതിക്കാരിയുടെ അമ്മായിയമ്മയാണ് മതപരമായ ചടങ്ങുകള്‍ നടത്തുന്നതിനായി വീട്ടിലേക്ക് ക്ഷണിച്ചത്. യുവതി തന്റെ മുറിയില്‍ വീട്ടുജോലികള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഇയാള്‍ അകത്തുകയറി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ആരോപണം. അതേസമയം മേയ് 18-നാണ് കോട്വാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
”പരാതിയെത്തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തുകയും, സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസെടുക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി വൈകി അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിശദമായ അന്വേഷണം നടന്നു വരികയാണ്”- കോട്വാലി പൊലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് ആശിഷ് ധുര്‍വെ മാധ്യമങ്ങളോട് പറഞ്ഞു.

