തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരത്തെ നേരിടാന്‍ നടപടിയുമായി സര്‍ക്കാര്‍. ആശമാര്‍ ഉടന്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദേശം നല്‍കി. ഏതെങ്കിലും പ്രദേശത്ത് ആശാ വര്‍ക്കര്‍ തിരിച്ചെത്തിയില്ലെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ്. പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം.
ജനങ്ങള്‍ക്ക് ആരോഗ്യസേവനം ലഭിക്കുന്നുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. ആരോഗ്യവകുപ്പിലെ സന്നദ്ധ പ്രവര്‍ത്തകരെ ആശമാര്‍ക്ക് പകരം ഉപയോഗിക്കാം. ഇവര്‍ക്ക് ഇന്‍സെന്റീവ് നല്‍കാനുള്ള ഉത്തരവ് എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ പിന്നീട് ഇറക്കും. ആശാവര്‍ക്കര്‍മാരുടെ സമരം 15 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് കടുത്ത നടപടികളിലേക്ക് നടക്കുന്നത്.
എന്നാല്‍ ഇത് തള്ളിയ ആശമാര്‍ തങ്ങള്‍ സര്‍ക്കാരിനാണ് അന്ത്യശാസനം നല്‍കേണ്ടതെന്ന് പറഞ്ഞു. സമരം എത്രയും പെട്ടെന്ന് തീര്‍ക്കണം. അതിനാണ് സര്‍ക്കാര്‍ തയാറാവേണ്ടത്. വഴിയെ പോകുന്നവരെ വിളിച്ച് ആരോഗ്യപ്രവര്‍ത്തനം നടത്താന്‍ കഴിയില്ല. ഉത്തരവ് നിയമ വിരുദ്ധമാണെന്നും സമരക്കാര്‍ വ്യക്തമാക്കി.
അതേസമയം സമരം 16-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് ഇന്നലെയും വേദിയിലെത്തിയത്. സമരത്തെ ഇന്നലെ സിപിഎം വീണ്ടും തള്ളിയതോടെ ആശമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കേണ്ടന്ന സര്‍ക്കാര്‍ നിലപാടാണ് വ്യക്തമായത്. സര്‍ക്കാര്‍ തുടര്‍ചര്‍ച്ചകള്‍ക്കുള്ള സാധ്യത ഇനിയും തുറന്നിട്ടില്ലാത്ത പശ്ചാത്തലത്തില്‍ സമരം ജില്ലാ കേന്ദ്രങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം.