രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമായി കേരളം മാറുന്ന ‘ഡിജി കേരളം’ പദ്ധതിയുടെ മുന്നോടിയായി കോഴിക്കോട് കോര്‍പറേഷനില്‍ ഡിജിറ്റല്‍ സാക്ഷരതാ സര്‍വേയ്ക്ക് തുടക്കമായി. എരഞ്ഞിപ്പാലം സിഡിഎ കോളനി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സര്‍വേയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ മേയര്‍ ഡോ. എം ബീന ഫിലിപ്പ് അദ്ധ്യക്ഷയായി.
സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തിലൂടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി മാറുന്ന ചരിത്ര മൂഹൂര്‍ത്തിത്തിന് ഈ വര്‍ഷത്തെ കേരളപ്പിറവി ദിനം സാക്ഷ്യം വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. വിവര സാങ്കേതിക വിദ്യകളുടെ ഗുണഭോക്താക്കളായി സാധാരണ ജനങ്ങള്‍ മാറണമെന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഈ ലക്ഷ്യത്തോടെയാണ് ഡിജി കേരളം പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇ-ഗവേണന്‍സിന്റെ പുതിയ തലത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. വിവിധ വകുപ്പുകളില്‍ നിന്നുള്ള 900ലേറെ സേവനങ്ങള്‍ ഇതിനകം ഓണ്‍ലൈനില്‍ ലഭ്യമാക്കാനായി. നേരത്തേ പല ഓഫീസുകള്‍ കയറിയിറങ്ങിയാല്‍ മാത്രം ലഭിക്കുന്ന രേഖകള്‍ വീടുകളിലിരുന്ന് കുറഞ്ഞ ചെലവില്‍ നിമിഷങ്ങള്‍ക്കകം ലഭ്യമാക്കാന്‍ സാധാരണക്കാര്‍ക്ക് ഇതിലൂടെ സാധിച്ചു. ഭരണനിര്‍വഹണം കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കാന്‍ ഇ-ഗവേണന്‍സ് സംവിധാനത്തിലൂടെ സാധിച്ചതായും മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ വിദ്യാഭ്യാസ മേഖലയില്‍ അടക്കം മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കേരളത്തിന് സാധിച്ചു. ഡിജി കേരളം പദ്ധതിയിലൂടെ ഈ നേട്ടങ്ങള്‍ കൂടുതല്‍ ജനകീയമാക്കി മാറ്റാനാവുമെന്നും മന്ത്രി പറഞ്ഞു.
കോര്‍പറേഷന്‍ സെക്രട്ടറി കെ യു ബിനി പദ്ധതി വിശദീകരണം നടത്തി. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി രേഖ, ഒ പി ഷിജിന, പി ദിവാകരന്‍, ഡോ. എസ് ജയശ്രീ, പി സി രാജന്‍, കൃഷ്ണകുമാരി, കൗണ്‍സിലര്‍മാരായ ഒ സദാശിവന്‍, എന്‍ സി മോയിന്‍കുട്ടി, കെ മൊയ്തീന്‍ കോയ, ശിവപ്രസാദ്, അഡീഷനല്‍ സെക്രട്ടറി ജി ഷെറി, പി പിശ്രീധരനുണ്ണി, നവാസ് പൂനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.