കാർഷിക യന്ത്രവത്കരണ പദ്ധതിയിൽ അപേക്ഷിക്കാം
കൃഷി വകുപ്പിന്റെ സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ എന്ന കാർഷിക യന്ത്രവത്കരണ പദ്ധതിയിൽ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ, ചെറുകിട, വനിതാ സ്വയംസഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, സംരംഭകർ, കർഷക സംഘങ്ങൾ എന്നിവർക്ക് പവർ ടില്ലർ, ട്രാക്ടർ, കൊയ്ത്ത് മെതിയന്ത്രം, നടീൽ യന്ത്രം തുടങ്ങിയ കാർഷിക യന്ത്രങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി സാമ്പത്തിക ആനുകൂല്യം ലഭിക്കും. കൂടാതെ വ്യക്തിഗത ആനുകൂല്യവും കാർഷിക യന്ത്രങ്ങളുടെ കസ്റ്റം ഹിയറിംഗ് സ്ഥാപിക്കുന്നതിനും ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിനും സാമ്പത്തിക സഹായം അനുവദിക്കും. അപേക്ഷകൾ www.agrimachinery.nic.in വഴി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ കാർഷിക എൻജിനിയറിങ് ഓഫീസുമായി ബന്ധപ്പെടുക.
പി.എൻ.എക്‌സ്. 2901/2020
വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെലോ താത്കാലിക ഒഴിവുകൾ
കേരള വനഗവേഷണ സ്ഥാപനത്തിൽ 2021 മാർച്ച് 31 വരെ കാലാവധിയുള്ള ‘നെറ്റ് വർക്ക് പ്രോജക്ട് ഓൺ കൺസർവേഷൻ ഓഫ് ലാക് ഇൻസെക്ട് ജനിറ്റിക്‌സ് റിസോഴ്‌സ്’, 2021 മെയ് 31 വരെ കാലാവധിയുള്ള സ്റ്റഡി ഓൺ പ്ലാന്റ് ഫങ്ഷണൽ ട്രൈറ്റിസ് ഓഫ് സെലക്റ്റട് ട്രീ സ്പീഷ്യസ് ഓഫ് കേരള എന്നീ ഗവേഷണ പദ്ധതികളിലെ ഓരോ പ്രോജക്ട് ഫെലോയുടെ താത്കാലിക ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.
പി.എൻ.എക്‌സ്. 2902/2020
തിരു-കൊച്ചി-മെഡിക്കൽ കൗൺസിൽ ഹോമിയോപ്പതി ഹോളോഗ്രാം സർട്ടിഫിക്കറ്റിന് ഡിസംബർ 31 വരെ അപേക്ഷിക്കാം
ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ ഹോമിയോപ്പതിയിൽ 10931-ാം വരെ രജിസ്റ്റർ ചെയ്തിട്ടുള്ള ഡോക്ടർമാർക്ക് ഹോളോഗ്രാം സർട്ടിഫിക്കറ്റിന് ഡിസംബർ 31 വരെ അപേക്ഷിക്കാം. നിശ്ചിത തീയതിക്കകം സർട്ടിഫിക്കറ്റ് നേടിയില്ലെങ്കിൽ കൗൺസിൽ തുടർ നടപടി സ്വീകരിക്കും. അപേക്ഷയും, ഫീസും www.medicalcouncil.kerala.gov.in ൽ ഓൺലൈനായി സമർപ്പിക്കണം. അതിന്റെ പ്രിന്റ് ഔട്ടും കൗൺസിലിന്റെ അസൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, മറ്റ് ആവശ്യമായ രേഖകൾ സഹിതം കൗൺസിലിലേക്ക് അയയ്ക്കണം.
പി.എൻ.എക്‌സ്. 2903/2020
കൊല്ലം മെഡിക്കൽ കോളേജ്: ജൂനിയർ റസിഡന്റ് റാങ്ക് പട്ടികയിലുള്ളവർ സന്നദ്ധത അറിയിക്കണം
കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കായി പ്രസിദ്ധീകരിച്ച ജൂനിയർ റസിഡന്റ് തസ്തികയുടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളിൽ നിലവിൽ നിയമനം ലഭിക്കാത്ത, ജോലി ഏറ്റെടുക്കുവാൻ താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം 31 ന് മുമ്പ് estt.gmckollam@gmail.com മുഖേന പ്രിൻസിപ്പലിനെ സേവന സന്നദ്ധത അറിയിക്കണം. താത്പര്യം അറിയിക്കാത്ത ഉദ്യോഗാർഥികളെ നിയമനത്തിന് പരിഗണിക്കില്ല.
പി.എൻ.എക്‌സ്. 2904/2020
ചാക്ക ഗവ. ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
- നിർമ്മാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് (25.08.20) മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും
തലസ്ഥാന നഗരിയിലെ മികവിന്റെ കേന്ദ്രമായ ചാക്ക ഗവ. ഐ.ടി.ഐ. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇന്ന് (25.08.20) തുടക്കമാകും. 5.23 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവഹിക്കും.
രാവിലെ 11 ന് വീഡിയോ കോൺഫറൻസ് മുഖേന സംഘടിപ്പിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജി.സുധാകരൻ എന്നിവർ പങ്കെടുക്കും. വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. മേയർ കെ.ശ്രീകുമാർ, ശശി തരൂർ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവർ സംബന്ധിക്കും.
കെപ്‌കോയിൽ ഇഗ്നോയുടെ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗൾട്രി വികസന കേർപ്പറേഷനും ചേർന്ന് നടത്തുന്ന ഒരു വർഷ കോഴ്‌സായ ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജി, ആറ് മാസത്തെ കോഴ്‌സായ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പൗൾട്രി ഫാമിംഗ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജിയ്ക്ക് പ്ലസ്ടുവും സർട്ടിഫിക്കറ്റ് ഇൻ പൗൾട്രി ഫാമിംഗിന് എട്ടാം ക്ലാസുമാണ് യോഗ്യത. പഞ്ചായത്തുകളിൽ നിന്നുള്ള ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാർഥികളും പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളും ഫീസ് ഇളവിന് അർഹരാണ്.
ഫൈൻ കൂടാതെ അപേക്ഷ 31 വരെ സ്വീകരിക്കും. https://onlineadmission.ignou.ac.in/admission/ ൽ ഓൺലൈനായി അപേക്ഷിക്കാം കൂടുതൽ വിവരങ്ങൾക്ക്: 9400608493, 9446479989, 9495000914.

