കോഴിക്കോട്: മടവൂർ ,കിഴക്കോത്ത് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പാലോറമലയിൽ അശാസ്ത്രീയ നിർമ്മാണത്തിൽ പരിസരവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് വാർത്ത നൽകിയ കുന്ദമംഗലം ന്യൂസ് ഡോട് കോം ചീഫ് എഡിറ്റർ സിബ്ഗത്തുള്ളയ്‌ക്കെതിരെ നവമാധ്യമത്തിൽ അപകീർത്തിപെടുത്തി സന്ദേശം നൽകിയ ദിനു കെ പിലാശ്ശേരിയെന്ന യുവാവിനെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തു.
പാലോറമലയിലെ ദുരിത ജീവിതം ഈ കഴിഞ്ഞ പ്രളയ സമയത്താണ് കുന്ദമംഗലം ന്യൂസ്ഡോട് കോം വാർത്തയാക്കുന്നത്. നിരവധി വർഷക്കാലമായി ലഭ്യമായ കുടിവെള്ളം മുടക്കിയും പരിസര പ്രദേശത്തെ വീടുകൾക്ക് ഭീഷണി ഉയർത്തിയും പ്രദേശത്ത് അശാസ്ത്രീയമായി പഞ്ചനക്ഷത്ര റിസോർട്ടും,കൺവെൻഷൻ സെന്ററിന്റെയും നിർമ്മാണം നടക്കുന്നുവെന്ന് ചൂണ്ടി കാട്ടി ഇതിനോടകം പരിസര വാസികൾ പ്രതിഷേധം നടത്തിയിരുന്നു. ഈ കാര്യങ്ങൾ ഉയർത്തി ചാനൽ ചെയ്ത വാർത്ത കണ്ട പാലോറമലയിൽ പണിതുയരുന്ന കെട്ടിട നിർമ്മാണ സംഘത്തിനൊപ്പം മുൻപ് ജോലി ചെയ്ത ദിനു കെ പിലാശ്ശേരി വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടുള്ള വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ നവമാധ്യമത്തിലൂടെ പ്രചരിപ്പക്കുകയായിരുന്നു. ഒപ്പം മാധ്യമ പ്രവത്തകന്റെയും പതിനഞ്ചു വയസ്സുള്ള അദ്ദേഹത്തിന്റെ മകന്റെയും ചിത്രം യുവാവ് കുപ്രചരണത്തിനായി ഉപയോഗിക്കുകയും ചെയ്തു.
പാലോറമലയിയിൽ പ്രദേശവാസികൾക്ക് യാതൊരു ഭീഷണിയില്ലെന്നും വാർത്ത നൽകിയ സിബ്ഗത്തുള്ളയെ വ്യക്തിപരമായി അപകീർത്തിപെടുത്തുന്ന കള്ള സന്ദേശങ്ങളും നൽകിയാണ് ഇയാൾ സന്ദേശം പ്രചരിപ്പിച്ചത്. ഇതേ തുടർന്നാണ് സിബ്ഗത്തുള്ള കുന്ദമംഗലം പോലീസിൽ പരാതി നൽകുന്നത്. വാർത്തയിൽ ജനവികാരമാണ് വെളിപ്പെടുത്തിയതെന്നും അത് മറച്ചു വെക്കാനാണ് ഇത്തരത്തിൽ കള്ള പ്രചരണം നടത്തുന്നതെന്നും കുന്ദമംഗലം ചീഫ് എഡിറ്റർ സിബ്ഗത്തുള്ള പറഞ്ഞു.
അതേ സമയം പാലോറമലയിലെ മഠത്തിൽ പ്രദേശത്ത് ഇത്തവണത്തെ പ്രളയകാലത്ത് കണ്ട വലിയ ഗർത്തം അതിനോട് തുടർന്നുണ്ടായ മണ്ണൊലിച്ചിലും സോയിൽ പൈപ്പിങ് പ്രതിഭാസമാണെന്ന കാര്യം വിദഗ്ധ സംഘം പരിശോധന നടത്തിയ ശേഷം റിപ്പോർട്ട് നൽകിയിരുന്നു. അധികൃതരുടെ നിർദ്ദേശ പ്രകാരം അപകട സാധ്യത കണക്കിലെടുത്ത് പ്രദേശവാസികൾ ക്യാമ്പുകളിലേക്ക് ഇത്തവണ മാറുകയും ചെയ്തിരുന്നു.