കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് സുരക്ഷയുള്ളൂ എന്നും പകൽ പോലും സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ് എന്നും കെ മുരളീധരൻ എംപി. , ‘തൊഴുത്ത് മാറ്റിക്കെട്ടിയാൽ മച്ചിപശു പ്രസവിക്കുമോ’എന്നും പൊലീസിലെ അഴിച്ചുപണിയെ കുറിച്ച് മുരളീധരൻ പരിഹസിച്ചു.
‘പകൽ പോലും സ്ത്രീകൾക്ക് റോഡിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിലിന്നുള്ളത്. പ്രതികൾക്ക് എളുപ്പത്തിൽ സ്റ്റേഷനിൽ നിന്നും ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ട്’. ക്രമസമാധാനം പരിപൂർണമായി തകർന്നുവെന്നും മുരളീധരൻ കുറ്റപ്പെടുത്തി. സിപിഎം – ബിജെപി അന്തർധാര സജീവമായതിന്റെ ഉദാഹരണമാണ് തലശ്ശേരിയിലെ പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതിയെ സിപിഎം പ്രവർത്തകർ ഒളിപ്പിച്ചതെന്നും കെ മുരളീധരൻ പറഞ്ഞു. മാർക്സിസ്റ്റ്-ബിജെപി അന്തർധാര സജീവമാണെന്നും പ്രതികളായ ബിജെപിക്കാരെ ഒളിവിൽ പോകാൻ സഹായിക്കുന്നത് മാർക്സിസ്റ്റുകാർ തന്നെയാണെന്നും മുരളീധരൻ ആരോപിച്ചു.

