കൊവിഡിന്റെ പുതിയ വകഭേദം രാജ്യത്ത് അടുത്ത ഘട്ട കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് റിപ്പോർട്ട് . വ്യാപനം എട്ട് മാസങ്ങൾക്കുള്ളിൽ നടക്കുമെന്നാണ് വിദഗ്ധാഭിപ്രായം . നേരത്തെ പടർന്ന ഒമിക്രോൺ BA.2 വകഭേദം കൂടുതൽ വ്യാപന ശേഷിയുള്ളതാണെങ്കിലും അടുത്ത വ്യാപന തരംഗം ഈ വകഭേദം മൂലമായിരിക്കില്ലെന്ന് ഐഎംഎ കൊവിഡ് ടാസ്ക് ഫോഴ്സ് കോ ചെയർമാൻ ഡോ രാജീവ് ജയദേവൻ പറഞ്ഞു.
“വൈറസ് ഇവിടെ തന്നെ ഉണ്ടാവും. ഉയർന്നും താഴ്ന്നും വളരെ കാലം ഇത് നിലനിൽക്കും. അടുത്ത വേരിയന്റ് വരുമ്പോൾ വ്യാപനത്തിൽ കുതിച്ചു ചാട്ടം ഉണ്ടാവും. അതെപ്പോഴായിരിക്കുമെന്ന് അറിയില്ല. പക്ഷെ അത് സംഭവിക്കുമെന്ന് ചരിത്രം പറയുന്നു. അനിവാര്യമായും ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ. അത് സാധാരണമായി അങ്ങനെയാണ് പ്രവർത്തിക്കുന്നത്,” ഡോ രാജീവ് ജയദേവൻ പറഞ്ഞു.
നിലവിൽ രാജ്യത്ത് ഒമിക്രോൺ വ്യാപനം താഴ്ന്ന നിലയിലാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത വകഭേദത്തിനും ജനിതക ഘടനയിൽ വ്യതിയാനമുണ്ടാവുമെന്നും വാക്സിനെ കവച്ചുവെക്കാനുള്ള ശേഷിയുണ്ടാവുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.