തിരുവന്തപുരം: ദേശാഭിമാനി വാരാന്തപതിപ്പിലെ ഫീച്ചര്‍ വിവാദത്തില്‍ നടപടി. വാരാന്തപതിപ്പിന്റെ ചുമതല ഉണ്ടായിരുന്ന കെ.ആര്‍ അജയനെ ചുമതലകളില്‍ നിന്ന് മാറ്റി. കെ.ആര്‍ അജയന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് നടപടി. ടി ചന്ദ്ര മോഹനാണ് പകരം ചുമതല. അജയനോട് കഴിഞ്ഞദിവസം റസിഡൻ്റ് എഡിറ്റർ വിശദീകരണം തേടിയിരുന്നു. കള്ളൻ വിജയൻ എന്ന തലക്കെട്ട് പാർട്ടി വിരുദ്ധമല്ലെന്ന മറുപടിയാണ് വാരാന്തപ്പതിപ്പ് എഡിറ്റർ കെആർ അജയൻ നൽകിയത്. തലക്കെട്ട് മാറ്റാൻ ആവശ്യപ്പെട്ടിട്ടും തയാറാകാതെ മാധ്യമങ്ങൾക്ക് വിവരം ചോർത്തിയെന്ന് കാണിച്ചാണ് വാരാന്തപ്പതിപ്പ് എഡിറ്റർക്ക് റസിഡൻറ് എഡിറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
വി.എസ് അച്യുതാനന്ദന്റെ മുന്‍ പ്രസ് സെക്രട്ടറി കെ.വി സുധാകരന്‍ എഴുതിയ വി.എസ് അനുസ്മരണം ഉള്ള വാരാന്തപതിപ്പില്‍ ‘കള്ളന്‍ വിജയന്‍, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ. എന്ന പേരില്‍ ഫീച്ചര്‍ ഉള്‍പ്പെട്ടു എന്ന കാരണത്തില്‍ ഞായറാഴ്ച ദേശാഭിമാനി വാരാന്തപതിപ്പ് വിതരണം ചെയ്തിരുന്നില്ല. സംഭവം വിവാദമായതിന് പിന്നാലെ പത്രത്തിന്റെ റസിഡന്റ് എഡിറ്റര്‍ കൂടിയായ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ് വിശദീകരണവുമായി രംഗത്തുവന്നു. ഒരു യൂനിറ്റില്‍ വാരാന്തപതിപ്പ് അച്ചടിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് വിതരണം ചെയ്യാത്തത് എന്നായിരുന്നു വിശദീകരണം. തുടര്‍ന്ന് തിങ്കളാഴ്ചയിലെ പത്രത്തിനൊപ്പമാണ് വാരാന്തപതിപ്പ് വിതരണം ചെയ്തത്. അതില്‍ വിവാദമായ ഫീച്ചര്‍ ഉണ്ടായിരുന്നില്ല.
ഇന്നലെ തന്നെ കെ.ആര്‍ അജയനോട് സിപിഎം നേതൃത്വം വിശദീകരണം തേടിയിരുന്നു. ഫീച്ചറിന്റെ തലക്കെട്ടില്‍ പ്രശ്നമില്ലെന്ന നിലപാടാണ് കെ.ആര്‍ അജയന്‍ സ്വീകരിച്ചിരുന്നത്. അതിന് പിന്നാലെ വാരാന്തപതിപ്പ് എഡിറ്ററുടെ മുറി പൂട്ടിയിട്ടതും വിവാദമായിരുന്നു അതിന് പിന്നാലെയാണ് അജയനെ ചുമതലകളില്‍ നിന്ന് മാറ്റിയിരിക്കുന്നത്. ഫീച്ചര്‍ ഒഴിവാക്കി വാരാന്തപതിപ്പ് പുറത്തുവന്നതിന് പിന്നാലെ ‘കള്ളന്‍ വിജയന്‍, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ’ ഫീച്ചര്‍ എഴുതിയ ടി.സി രാജേഷ് കുറിപ്പ് ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

