കെ റെയിൽ സമരക്കാരെ ചവിട്ടിയ പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവ്. മംഗലപുരം സ്റ്റേഷനിലെ സിപിഒ ഷബീറിന് എതിരെയാണ് അന്വേഷണം. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം റൂറല്‍ എസ്പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സമരക്കാരെ പൊലീസുകാരന്‍ ബൂട്ടിട്ട് ചവിട്ടുന്നതിന്റെ ദൃശ്യം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കഴക്കൂട്ടം കരിച്ചാറയിൽ സിൽവർ ലെെൻ കല്ലിടലിനായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞതോടെയാണ് സ്ഥലത്ത് പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായത്. തുടർന്ന് നടന്ന ഉന്തിനും തളളിനും ഇടയിലാണ് പ്രതിഷേധക്കാരിൽ ഒരാളെ പൊലീസുകാരൻ ചവിട്ടിയത്. ശക്തമായ പ്രതിഷേധത്തെത്തുടർന്ന് കല്ലിടൽ നിർത്തിവച്ച് സർവെ ഉദ്യോഗസ്ഥർ സ്ഥലത്തുനിന്നും മടങ്ങിയിരുന്നു.
പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസുകാരെ ബൂട്ടിട്ട് ചവിട്ടിയാല്‍ പ്രത്യാഘാതമുണ്ടാകും. നടപടി വേണം. അല്ലെങ്കില്‍ കാണാമെന്നും വി ഡി സതീശന്‍ പറഞ്ഞു.കണ്ണൂർ ചാലയിലും കെ റെയിൽ സമരം നടക്കുകയാണ്. കെ റെയിൽ കുറ്റിയുമായി വന്ന വാഹനം സമരക്കാർ തടഞ്ഞു. പ്രദേശത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. പൊലീസ് സംരക്ഷണത്തോടെ ഉദ്യോഗസ്ഥർ സ്ഥാപിച്ച കുറ്റികൾ സമരക്കാർ പിഴുതെറിഞ്ഞു.

