കോഴിക്കോട്: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC), ത്രിതല പഞ്ചായത്തുകൾ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി കോടഞ്ചേരി നിരന്നപാറ കൈനടി എസ്റ്റേറ്റിലെ തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ നടന്ന ഓഫ് റോഡ് ഫൺ റൈഡും കൊടിയത്തൂരിൽ നടന്ന വണ്ടിപ്പൂട്ട് മത്സരവും ചെളിക്കളിയും കാണികൾക്ക് ആവേശകരമായ അനുഭവമായി.
സ്റ്റോക്ക്, മോഡിഫൈഡ്, ലേഡീസ്, ടൂ വീൽ ഡ്രൈവ് എന്നീ വിഭാഗങ്ങളിലായി നടന്ന ഓഫ് റോഡ് ഫൺ റൈഡിൽ ചെളിയും വെള്ളവും നിറഞ്ഞ ട്രാക്കിലൂടെ വാഹനങ്ങൾ സാഹസികമായി കുതിച്ചുകയറി. മത്സരം വീക്ഷിക്കാൻ നിരവധി പേരാണ് എത്തിയത്.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത്, കെഎൽ 11 ഓഫ് റോഡേഴ്സ്, തുഷാരഗിരി അഡ്വഞ്ചർ പാർക്ക് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റൈഡിന്റെ ഫ്ലാഗ് ഓഫ് കോടഞ്ചേരി പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, സ്ഥിരംസമിതി അധ്യക്ഷരായ വിൻസെന്റ് വടക്കേമുറിയിൽ, റിയാനസ് സുബൈർ, മിനി സണ്ണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബേബി വളയത്തിൽ, ബാബു പട്ടരാട്, ജ്യോതി സന്തോഷ്, സബ് കമ്മിറ്റി ഭാരവാഹികളായ പോൾസൺ അറയ്ക്കൽ, ബെനിറ്റോ ചാക്കോ, ഷെല്ലി കുന്നേൽ, കെവിൻ കൈനടി, ജിന്റോ തോമസ്, ജിയോ മെൽവിൻ എന്നിവർ പങ്കെടുത്തു.
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെയും ചെറുവാടി അഡ്വഞ്ചർ ക്ലബിന്റെയും നേതൃത്വത്തിൽ സൗത്ത് കൊടിയത്തൂരിൽ സംഘടിപ്പിച്ച വണ്ടിപ്പൂട്ട് മത്സരവും ചെളിക്കളിയും ആവേശകരമായി. ചെളി നിറഞ്ഞ ട്രാക്കിലൂടെ ഫോർ വീൽ വാഹനങ്ങളുടെ സാഹസിക പ്രകടനത്തിന് തുടക്കം കുറിച്ച് ഉദ്ഘാടനം നിർവഹിച്ച സി. കെ. കാസിം എം.എൽ.എ ജീപ്പ് ഓടിച്ച് ട്രാക്കിലിറങ്ങിയത് പരിപാടിയുടെ പ്രധാന ആകർഷണമായി.
മലബാർ റിവർ ഫെസ്റ്റിവൽ പ്രചാരണത്തിന് ആവേശമായി ഓഫ് റോഡ് ഫൺ റൈഡും വണ്ടിപ്പൂട്ടും

