കൊച്ചി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുവത്വം സംവദിക്കുന്ന ‘യുവം–2023’ കേരളത്തില്‍ വലിയ രാഷ്ട്രീയ മാറ്റത്തിന് തുടക്കമിടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അഭ്യസ്തവിദ്യരായ പ്രതിഭകളുടെ സംഗമമാണ് യുവം–2023. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇടതിനെയും കോണ്‍ഗ്രസിനെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് അഭ്യര്‍ഥന വന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അനുമതി ലഭിക്കുന്നതനുസരിച്ച് ഈ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
“കക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് നരേന്ദ്ര മോദിയെ സ്വീകരിക്കാനുള്ള യുവ സമൂഹത്തിന്റെ താൽപര്യം, അതിനുവേണ്ടി ഞങ്ങളെ സമീപിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ഇവയൊക്കെ ഡിവൈഎഫ്ഐയിലും കോൺഗ്രസിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് കള്ളപ്രചാരണവുമായി അവർ രംഗത്തുവന്നിരിക്കുന്നത്. ഇതു രാഷ്ട്രീയപ്രേരിതമായി നടത്തുന്ന സമ്മേളനമല്ല’’– അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും നരേന്ദ്ര മോദിയുടെ ആരാധകരുമായ യുവാക്കളുടെ കൂട്ടായ്മയാണു രാഷ്ട്രീയ–ജാതി–മത ചിന്തകൾക്കതീതമായി ‘യുവം’ എന്ന പേരിൽ സംഘടിപ്പിക്കുന്നത്. 25നു വൈകിട്ട് 4നു തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനത്താണു പ്രധാനമന്ത്രി എത്തുക. ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, തെന്നിന്ത്യൻ സൂപ്പർതാരം യഷ് എന്നിവർ കൊച്ചിയിലെത്തും എന്നാണു പ്രതീക്ഷ. കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ പുത്രൻ അനിൽ ആന്റണിയും എത്തിയേക്കും.

