
കട്ടിപ്പാറയിൽ അദ്ധ്യാപിക ആത്മഹത്യ ചെയ്‌ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ രണ്ടാഴ്‌ചയ്‌ക്കകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിടുകയായിരുന്നു. അടുത്ത മാസം 26ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കാനാണ് തീരുമാനം.
കോഴിക്കോട് കട്ടിപ്പാറ സ്വദേശിയായ അദ്ധ്യാപിക അലീന ബെന്നിയാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂളിലെ അദ്ധ്യാപികയാണ്. ആറ് വർഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അലീനയുടെ കുടുംബം ആരോപിച്ചു.കോർപ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലാണ് അലീന ജോലി ചെയ്തിരുന്നത്. കട്ടിപ്പാറയിലെ സ്‌കൂളിൽ അഞ്ച് വർഷം ജോലി ചെയ്ത അലീന കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരിയിലാണ് ജോലി ചെയ്യുന്നത്. അലീനയ്ക്ക് ജോലി സ്ഥിരപ്പെടുകയോ ശമ്പളം ലഭിക്കുകയോ ചെയ്തിരുന്നില്ല. കുറച്ചുനാളായി ഇതിന്റെ മനോവിഷമത്തിലായിരുന്നു അലീനയെന്ന് പിതാവ് ബെന്നി പറഞ്ഞു.