പ്രയാഗ്രാജ്: മഹാകുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തി ടെലിഗ്രാം ഗ്രൂപ്പുകളില്‍ പങ്ക് വെച്ചെന്ന പരാതിയില്‍ രണ്ട് സമൂഹ മാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. യു.പി പൊലീസ് മേധാവി പ്രശാന്ത് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
കുംഭമേളക്കെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റിദ്ധരിപ്പിക്കുന്നതും കുറ്റകരവുമായ പ്രചാരണങ്ങള്‍ തടയാന്‍ യു.പി പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടപടികള്‍ ശക്തമാക്കിയിരുന്നു. സ്വകാര്യത ലംഘിച്ച് കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും ദൃശ്യങ്ങള്‍ ചില സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചതായി സോഷ്യല്‍ മീഡിയ മോണിറ്ററിങ് ടീം കണ്ടെത്തിയിരുന്നു.
ഫെബ്രുവരി 17നാണ് സ്ത്രീകളുടെ സ്വകാര്യത മാനിക്കാതെ വിഡിയോകള്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെതിരെ കേസെടുത്തത്.
ഫെബ്രുവരി 19ന് ഒരു ടെലഗ്രാം ചാനലിലും സമാന രീതിയില്‍ വിഡിയോ ദൃശ്യങ്ങള്‍ വില്‍പ്പനക്ക് വെച്ചതായി കണ്ടെത്തി. ടെലഗ്രാം ചാനലിനെതിരെ നിയമ നടപടി സ്വീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. അക്കൗണ്ട് ഓപറേറ്ററെ തിരിച്ചറിയുന്നതിനായി മെറ്റയില്‍ നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും വിശദാംശങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.