ആലപ്പുഴ മാക്കേകടവ് – നേരെകടവ് പാലം ഉദ്ഘാടനച്ചടങ്ങിൽ തന്നെ പൂർണ്ണമായി അവഗണിച്ചതിൽ അതൃപ്തി പരസ്യമാക്കി ജി. സുധാകരൻ രംഗത്ത്. പാലം നിർമ്മാണത്തിന് തുടക്കമിട്ട തനിക്ക് ചടങ്ങിന്റെ ഒരു ക്ഷണക്കത്ത് പോലും ലഭിച്ചില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരിക്കെ 80 കോടി രൂപ അനുവദിച്ച് ഈ പദ്ധതിക്ക് തുടക്കമിട്ടത് താനാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഉദ്ഘാടന വേദിയിൽ പാലം നിർമ്മാണവുമായി നേരിട്ട് ബന്ധമുള്ള ഒരേയൊരു വ്യക്തി മുൻ എം.എൽ.എ എ.എം. ആരിഫ് മാത്രമായിരുന്നുവെന്നും എന്നാൽ യഥാർത്ഥ കാര്യങ്ങൾ വസ്തുതാപരമായി വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞോ എന്ന് സംശയമുണ്ടെന്നും സുധാകരൻ കുറ്റപ്പെടുത്തി. ഇപ്പോഴത്തെ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും ഈ പാലം യാഥാർത്ഥ്യമാക്കിയതിന് പിന്നിലെ കഷ്ടപാടുകൾ എല്ലാം അറിയണമെന്നില്ലെങ്കിലും ഷാനിമോൾ ഉസ്മാന് അത് നന്നായി അറിയാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പാലം യാഥാർത്ഥ്യമാക്കാൻ മുൻകൈ എടുത്ത അന്നത്തെ പൊതുമരാമത്ത് മന്ത്രിക്ക് ഇതുമായി ബന്ധപ്പെട്ട ഒരു ക്ഷണക്കത്ത് പോലും തരാതിരുന്നതിൽ ഒരു പരാതിയുമില്ലെന്നും എങ്കിലും എല്ലാം ജനങ്ങൾക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 100 കോടി രൂപയുടെ പെരുമ്പളം പാലം, 80 കോടിയുടെ മാക്കേകടവ് – നേരെകടവ് പാലം, ചേർത്തലയിലെ നെടുമ്പ്രകാട് പാലം തുടങ്ങി 500 പാലങ്ങളുടെ നിർമ്മാനമാണ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയമായ അവഗണനകൾ ഉണ്ടായെങ്കിലും ആലപ്പുഴ – കോട്ടയം ജില്ലാ നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്ന മാക്കേകടവ് – നേരെകടവ് പാലം സാക്ഷാത്കരിക്കാൻ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ടാണ് ജി. സുധാകരൻ തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

