തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ അനുകൂലിച്ച് ഹൈക്കോടതിയിൽ അഡ്വക്കറ്റ് ജനറൽ (എ.ജി) നിലപാട് സ്വീകരിച്ചതിനെതിരെ കടുത്ത വിമർശനവുമായി കെ.കെ. രമ. എ.ജിയുടെ നിലപാട് അത്യന്തം നിരാശാജനകമാണെന്നും, ഇത് യു.ഡി.എഫ് സർക്കാരിന്റെ പൊതുനിലപാടിന്റെ തിളക്കം കെടുത്തുന്നതാണെന്നും കെ.കെ. രമ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഉയരുന്ന വിമർശനങ്ങളെ സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും പിണറായി വിജയൻ പ്രതിപക്ഷ നേതൃപദവി ഉടൻ ഒഴിയണമെന്നും രമ ആവശ്യപ്പെട്ടു.
ഇ.ഡി ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി കേന്ദ്ര ഭരണകക്ഷി ദുരുപയോഗം ചെയ്ത നിരവധി അനുഭവങ്ങളുണ്ടെന്നത് ശരിയാണെങ്കിലും, ആ വാദത്തിന്റെ മറപിടിച്ച് പിണറായി വിജയനും കുടുംബത്തിനും രക്ഷപ്പെടാനാവില്ലെന്ന് കെ.കെ. രമ ചൂണ്ടിക്കാട്ടി. നിലവിൽ പുറത്തുവന്ന തെളിവുകൾ തന്നെ വിഷയം പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമാക്കിയതാണ്.
ഒരു സേവനവും നൽകാതെ കർത്തയുടെ കരിമണൽ കമ്പനിയിൽ (സി.എം.ആർ.എൽ) നിന്ന് പിണറായി വിജയന്റെ മകൾ വീണയുടെ ‘എക്സാലോജിക്’ കമ്പനിയിലേക്ക് കോടികൾ കൈമാറിയതിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവന്നത് ഇ.ഡി നടത്തിയ അന്വേഷണം വഴിയല്ലെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട അർദ്ധ ജുഡീഷ്യൽ ബോഡിയായ ഇന്ററിം സെറ്റിൽമെന്റ് ബോർഡാണ് ഈ പണമിടപാടുകൾ കമ്പനി ഇടപാടുകളുടെ കണക്കിൽ പെടുത്താൻ കഴിയില്ലെന്ന് ആദ്യം കണ്ടെത്തിയത്. അത്തരം ഗൗരവമേറിയ കണ്ടെത്തലിന്റെ തുടർച്ചയായാണ് എസ്.എഫ്.ഐ.ഒ, ഇ.ഡി അന്വേഷണങ്ങൾ വന്നത്. ഈ വസ്തുതകൾ നിലനിൽക്കെ “ഇ.ഡി-യുടെ രാഷ്ട്രീയ വേട്ട” എന്ന് വിളിച്ചുപറയുന്നത് സാമാന്യ നിയമബോധമുള്ള ആർക്കും സ്വീകരിക്കാനാവില്ലെന്നും ഗീബൽസിയൻ നുണകൾ കൊണ്ട് ഈ സത്യത്തെ പ്രതിരോധിക്കാൻ കഴിയില്ലെന്നും കെ.കെ. രമ കൂട്ടിച്ചേർത്തു.

