പത്തനംതിട്ട: ശബരിമലയിൽ ഓൺലൈൻ വഴി മുറികൾ ബുക്ക് ചെയ്യുന്നതിൽ പുതിയ നിയന്ത്രണങ്ങളുമായി അധികൃതർ. ദർശനം ബുക്ക് ചെയ്യുന്നവർക്ക് മാത്രമായി റൂം ബുക്കിംഗ് പരിമിതപ്പെടുത്താൻ തീരുമാനിച്ചു. ഇതിനായി ഒ.ടി.പി അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തും. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ഹൈക്കോടതി സ്പെഷ്യൽ കമ്മീഷണർ ഉടൻ സമർപ്പിക്കും.
നിലവിൽ ആർക്കും എത്ര മുറികൾ വേണമെങ്കിലും ഓൺലൈനായി ബുക്ക് ചെയ്യാവുന്ന അവസ്ഥയാണ് ഉള്ളത്. തുലാമാസ പൂജയോടനുബന്ധിച്ച് ഓൺലൈനാക്കിയ 400 മുറികളും ടിക്കറ്റ് ഏജൻസികൾ കൂട്ടത്തോടെ കയ്യടക്കിയ സംഭവം വലിയ വിവാദമായിരുന്നു. ഓൺലൈൻ ബുക്കിംഗ് ആരംഭിച്ച് മിനിറ്റുകൾക്കകം മുഴുവൻ മുറികളും തീർന്നത് വലിയ ദുരൂഹതയ്ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നിൽ വൻതോതിൽ കച്ചവട താൽപ്പര്യങ്ങളുണ്ടെന്ന സംശയത്തെ തുടർന്ന് ദേവസ്വം വിജിലൻസ് ഇതിനകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് തീർത്ഥാത്തകർക്ക് യഥാർത്ഥത്തിൽ മുറികൾ ലഭിക്കുന്നത് ഉറപ്പാക്കാൻ പുതിയ പരിഷ്കാരങ്ങളുമായി സ്പെഷ്യൽ കമ്മീഷണർ രംഗത്തെത്തിയിരിക്കുന്നത്.

