കോഴിക്കോട് : വ്യക്തമായ രാഷ്ട്രീയ കാഴ്ചപാടുകളും പ്രവർത്തനവും ഉണ്ടെങ്കിലും, കോവിഡ് കാലത്ത് എല്ലാം മറന്നുള്ള പ്രവർത്തനങ്ങൾക്ക് മുന്നിട്ടറങ്ങുകയാണ് കുന്ദമംഗലം സ്വദേശികളായ അഡ്വ: ഷമീറും സുഹൃത്ത് അബ്ദുൾ അസീസും. ദുരിത സമയങ്ങൾ ഒന്നും തന്നെ രാഷ്ട്രീയ മുതലെടുപ്പിന് പറ്റിയ സമയം അല്ലെന്നാണ് ഇവരുടെ പക്ഷം.
നിലവിൽ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ നിരവധി കുടുംബങ്ങൾക്ക് സൗജന്യ കിറ്റുകൾ ആദ്യ ഘട്ടത്തിൽ ഇവർ വിതരണം ചെയ്തു കഴിഞ്ഞു. രണ്ടാം ഘട്ടത്തിൽ പച്ചക്കറി കിറ്റുകളും കൂടാതെ വിഷുവിന്റെയും റംസാന്റെയും ഭക്ഷ്യ കിറ്റ് വിതരണം പൂർത്തിയാക്കി. അടുത്തതായി ഒരു മെഗാ കിറ്റിന് ഇവർ രൂപം നൽകുകയാണ്.ജീവനുള്ള കോഴിയുൾപ്പടെ അടങ്ങിയ വലിയ ഒരു കിറ്റ് 300 ഓളം കുടുംബങ്ങൾക്ക് നൽകാനുള്ള തയ്യറെടുത്തു കഴിഞ്ഞു.ഒപ്പം വീട്ടിലിരിക്കുന്ന കുട്ടികൾക്ക് പെരുന്നാളുമായ് ബന്ധപ്പെട്ട് പണം നൽകാനും അതിനു പുറമെ പഠനോപകാരങ്ങളും വിതരണം ചെയ്യാനുമാണ് പുതിയ തീരുമാനം. ഈ കോവിഡ് കാലത്ത് എട്ടു തവണകളായി ഇവർ ചെറുതും വലുതുമായ പലവ്യഞ്ജന,പച്ചക്കറി കിറ്റുകൾ വിതരണം നടത്തി.
നിലവിൽ ഇവർ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് പണം സ്വന്തമായി എടുത്തും, കടമെടുത്തും,, പ്രവാസികളുടെയും സുഹൃത്തുക്കളുടെയും, വ്യാപാരികളുടെയും ഫേസ്ബുക് കൂട്ടായ്മയുടെയും ഭാഗമായി ലഭ്യമാകുന്ന തുകയും ഉപയോഗപെടുത്തിയാണ് പ്രവർത്തനം മുൻപോട്ട് കൊണ്ട് പോകുന്നത്.
ഹൈക്കോടതിയിൽ വക്കീലായ ഷമീറിനും റിയൽ എസ്റേററ്റ് കച്ചവടക്കാരനായ അബ്ദുൾ അസീസും ചാരിറ്റി പ്രവർത്തനം തുടങ്ങിയിട്ട് വർഷങ്ങളായി. കൃത്യമായ കണക്കുകളോടെ ആനുകൂല്യം ലഭ്യ മാകേണ്ടവർക്ക് ഇവർ സഹായമായി എത്തിച്ചു നൽകിയിട്ടുണ്ട്.
ചെറുപ്പകാലത്തെ പത്രം വിതരണം ചെയ്ത പണം കൊണ്ട് പഠിച്ച് മെറിറ്റടിസ്ഥാനത്തിൽ വക്കീൽ ജോലിയിൽ എത്തിയ വ്യക്തിയാണ് ഷമീർ. ഇതേ പോലെ ദുരിത ജീവിതത്തിൽ നിന്നും കര കയറി വന്നവനാണ് അസീസും. പട്ടിണി കിടക്കുന്നവന്റെ വേദന എന്തെന്ന് ഇവർക്ക് രണ്ടു പേർക്കും നന്നായി അറിയാം. അതാണ് രാഷ്ട്രീയ പ്രവർത്തനത്തിനപ്പുറം ചാരിറ്റി പ്രവർത്തനവും ആരംഭിച്ചത്.
കഴിഞ്ഞ ദിവസം കുന്ദമംഗലം ന്യൂസ് ഡോട്ട് കോം വഴി പുറത്തു വന്ന വാർത്തയെ തുടർന്ന്. ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്ന ചെരുപ്പുകുത്തിയായ തമിഴ് നാട് സ്വദേശി കുറ്റിക്കാട്ടൂർ താമസിക്കുന്ന ധനപാലന്റെ മകൾ പ്രിയൻജനിയുടെ രണ്ട് വർഷത്തേക്കുള്ള പഠന ചിലവ് ഇവർ ഏറ്റെടുത്തിരുന്നു. ഇത് ഇവരുടെ നല്ല മനസിനുള്ള ഉദാഹരണമായി കാണാം. ഇങ്ങനെ ഉദാത്തമായ പ്രവർത്തനങ്ങൾക്ക് അഭിനന്ദനവും അറിയിക്കാം.
ചേരുംച്ചാൽ മക്കാം പള്ളി സ്വദേശിയാണ് അബ്‌ദുൾ അസീസ് ഈ ലോക്ക് ഡൗൺ കാലത്ത് റോഡിലിറങ്ങി ജോലി ചെയ്തിരുന്ന മുഴുവൻ പോലീസുകാർക്കും വൈകുന്നേരങ്ങളിൽ അസീസ് ചായ നൽകി മാതൃക കാണിച്ചിരുന്നു. പുളിൻ തോട് പൊറ്റമ്മൽ സ്വദേശിയാണ് അഡ്വക്കറ്റ് ഷമീർ ഐ എൻ ടി യു സി ജില്ലാ ഭാരവാഹി കൂടിയാണ് ഇദ്ദേഹം. രാഷ്ട്രീയ ജാതി മത ഭേദമന്യേ തുടർന്നും മുൻപോട്ട് പോകാനാണ് ഇവരുടെ ആഗ്രഹം. ഇതിൽ രാഷ്ട്രീയ മുതലെടുപ്പുകളില്ല മനുഷ്യത്വം മാത്രമാണെന്ന നിലപാടിനെ അഭിനന്ദിക്കാം

