അറിയിപ്പുകള്‍

0
154

റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം

വാടക വീട്/ വാടക ക്വാര്‍ട്ടേഴ്‌സ് / വാടക ഫ്‌ലാറ്റ് എന്നിവിടങ്ങളില്‍ താമസിക്കുന്ന മുഴുവന്‍ പേര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കുന്നതിന്റെ ഭാഗമായി പുറമേരി, എടച്ചേരി, തൂണേരി, നാദാപുരം, കുന്നുമ്മല്‍, ചെക്യാട് പഞ്ചായത്തുകളില്‍ താമസക്കാരായവരുടെ അപേക്ഷകള്‍ ജനുവരി 22 ന് സ്വീകരിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കെട്ടിടം ഉടമയുടെ സമ്മതം ആവശ്യമില്ല. അപേക്ഷകര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, വാടകക്കരാറിന്റെ പകര്‍പ്പ് അല്ലെങ്കില്‍ വില്ലേജ് ഓഫീസില്‍ നിന്നുള്ള താമസ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് പകര്‍പ്പ്, കാര്‍ഡുടമയാവേണ്ട ഗൃഹനാഥയുടെ ഫോട്ടോ എന്നിവ സഹിതം രാവിലെ വടകര സപ്ലൈ ഓഫിസില്‍ നേരില്‍ എത്തണം. പരിശോധനയ്ക്ക് ശേഷം അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം.

തദ്ദേശ ഭരണ അധ്യക്ഷന്‍മാരുടെ യോഗം ഇന്ന്

ജില്ലകലക്ടര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി തദ്ദേശ ഭരണ അധ്യക്ഷന്‍മാരെ പങ്കെടുപ്പിച്ച് ജനുവരി 18 ന് നടത്താന്‍ തീരുമാനിച്ച യോഗം ഇന്ന് (ജനുവരി 19) രാവിലെ 10.30 ലേക്ക് മാറ്റിയതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.

അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അഭിമുഖം 21 ന്

കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒഴിവുളള അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിലുളള ബിരുദം, പത്രപ്രവര്‍ത്തനത്തില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പത്രക്കുറിപ്പുകള്‍ തയ്യാറാക്കുന്നതില്‍ പ്രാവീണ്യമുണ്ടായിരിക്കണം. പ്രായപരിധി 40 വയസ്സ്. യോഗ്യതയുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ജനുവരി 21 ന് രാവിലെ 10.30 ന് കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്.

ക്ഷേത്ര ജീവനക്കാര്‍ക്കുള്ള അധിക ധനസഹായം വിതരണം 20 ന്

കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് വരുമാന നഷ്ടം അനുവഭിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് സര്‍ക്കാര്‍ അധിക ധസഹായമായി അനുവദിച്ച തുകയുടെ വിതരണോദ്ഘാടനം ജനുവരി 20 ന് രാവിലെ 11 മണിക്ക് നടക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് ഡിവിഷനിലെ ക്ഷേത്രങ്ങള്‍ക്കുളള 1,95,00,000 രൂപയാണ് വിതരണം ചെയ്യുക. സിവില്‍സ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മീഷണറുടെ ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രവീന്ദ്രന്‍, കോഴിക്കോട് ഏരിയാ കമ്മിറ്റി ചെയര്‍മാന്‍, അംഗങ്ങള്‍, ക്ഷേത്രഭരണാധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് നടക്കുന്ന ചടങ്ങില്‍ അറിയിപ്പ് ലഭിച്ച ക്ഷേത്ര ഭരണാധികാരികള്‍ക്ക് മാത്രമാണ് പ്രവേശനം. അല്ലാത്ത ക്ഷേത്രഭരണാധികാരികള്‍ അറിയിപ്പ് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഓഫീസില്‍ നിന്ന് ചെക്ക് കൈപ്പറ്റേണ്ടതാണെന്ന് അസി.കമ്മീഷണര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here