കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നഗരത്തിൽ തുടരുന്ന കർശന പരിശോധനയ്ക്കിടെ കോഴിക്കോട് നഗരമധ്യത്തിൽ റൂഫ് ടോപ്പിൽ വളർത്തിയിരുന്ന കഞ്ചാവ് ചെടി ഡാൻസഫ് സംഘവും കസബ പോലീസും ചേർന്ന് കണ്ടെത്തി.
പാളയം പുതിയ കോവിലകം മാരിയമ്മൻ കോവിലിന് മുൻവശത്തുള്ള ജ്വല്ലറി ബസാർ ബിൽഡിംഗിന്റെ റൂഫ് ടോപ്പിൽ ഒരു പാത്രത്തിൽ നട്ടു നനച്ച് വളർത്തിയിരുന്ന ഏഴ് ശിഖരങ്ങളുള്ള കഞ്ചാവ് ചെടിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ലഹരിവസ്തുക്കൾക്കെതിരായ സംസ്ഥാനവ്യാപക നടപടികളുടെ ഭാഗമായി സിറ്റി ഡാൻസാഫും സിറ്റി പോലീസും സംയുക്തമായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്.
കസബ പോലീസ് സബ് ഇൻസ്പെക്ടർ നിമിൻ കെ. ദിവാകരൻ നേതൃത്വം നൽകിയ സംഘത്തിൽ ഡാൻസാഫ് അംഗങ്ങളായ മനോജ് ഇടയേടത്ത്, അഖിലേഷ്, ലതീഷ്, അഭിജിത്ത്, അതുൽ, മുഹമ്മദ് മഷൂർ, ദിനിഷ്, സരൂൺ എന്നിവരും പങ്കെടുത്തു.
കഞ്ചാവ് ചെടി ആരാണ് നട്ടുവളർത്തിയതെന്ന് കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. നഗരത്തിൽ ലഹരിക്കെതിരായ പരിശോധനകളും നടപടികളും തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധന; നഗരമധ്യത്തിൽ കണ്ടെത്തിയത് കഞ്ചാവ് കൃഷി

