ന്യൂഡൽഹി∙ ജവാഹർലാൽ നെഹ്‌റുവിന്റെ പേര് ഒഴിവാക്കി ചരിത്രം മായ്ക്കാൻ ശ്രമിക്കുകയാണ് ബിജെപിയെന്ന് കോൺഗ്രസ്. നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ (എൻഎംഎഎൽ) പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് സൊസൈറ്റി എന്നാക്കുന്നതിന്റെ പേരിൽ കോൺഗ്രസ്– ബിജെപി പോര് രൂക്ഷമായി.
പ്രഥമ പ്രധാനമന്ത്രിയുടെ സംഭാവനകൾ ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ രാഷ്ട്രീയഭേദമന്യേ എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകൾ മികച്ച രീതിയിൽ ഒരുക്കി മ്യൂസിയം സമ്പന്നമാക്കുകയാണ് എന്നാണ് ബിജെപിയുടെ പ്രതികരണം.
മ്യൂസിയത്തിന്റെ പേരുമാറ്റത്തെ ‘നീചമായ പ്രവൃത്തി’യെന്ന് ആരോപിച്ച കോൺഗ്രസ്, പേരു മാറ്റത്തിലൂടെ പാരമ്പര്യം മറയ്‌ക്കാനാകില്ലെന്നും പരിഹസിച്ചു. ‘‘തരംതാഴ്ന്ന മനോഭാവത്തോടെയും ഏകാധിപത്യ സമീപനത്തോടെയുമാണ് ബിജെപിയും ആർഎസ്എസും പ്രവർത്തിക്കുന്നത്. അവർക്ക് നെഹ്‌റുവിന്റെ സംഭാവനകളെ നശിപ്പിക്കാനാകില്ല. ചരിത്രമില്ലാത്തവർ, മറ്റുള്ളവരുടെ ചരിത്രം മായ്ക്കാനാണ് ശ്രമിക്കുന്നത്’’– കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു.
‘‘ഇന്ത്യയുടെ നേട്ടങ്ങളെല്ലാം നെഹ്‌റുവിന്റെ കാഴ്‌ചപ്പാടിലൂടെയായിരുന്നു. മ്യൂസിയത്തിന്റെ പേര് മാറ്റിയാലും അദ്ദേഹത്തിന് ജനങ്ങളുടെ മനസ്സിലുള്ള സ്ഥാനം മറയ്ക്കാനാകില്ല’’– എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രതികരിച്ചു.
എന്നാൽ മ്യൂസിയം സന്ദർശിക്കാതെയാണ് കോൺഗ്രസ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് ബിജെപി വക്താവും രാജ്യസഭാ എംപിയുമായ സുധാംശു ത്രിവേദിയുടെ പ്രതികരണം. സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച രീതിയിലാണ് പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാൽ നെഹ്‌റുവിന്റെയും പിൻമുറക്കാരുടെയും സംഭാവനകൾ മ്യൂസിയത്തിൽ ഒരുക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

