
പൂരങ്ങളുടെ പൂരമായ ലോകാത്ഭുതങ്ങളിൽ തന്നെ മലയാളികളുടെ അഹങ്കാരമായി വാഴ്ത്തപ്പെടുന്ന തൃശ്ശൂർ പൂരം ഇത്തവണ കാണാൻ സാധിക്കാത്തതിൽ ദുഃഖിതനാണ് കുന്ദമംഗലം കോഴിക്കോട് ജില്ലയിലെ കളരിക്കണ്ടി മാമ്പറ്റമ്മൽ സ്വദേശി രാമകൃഷ്ണൻ.
ഈ 62 ക്കാരൻ ജനിച്ചു വളർന്നത് പൂര പ്രേമികളുടെ നാടായ തൃശ്ശൂരിൽ തന്നെയാണ്.
25 വർഷങ്ങൾക്ക് മുൻപാണ് ഇദ്ദേഹം കുടുംബത്തിനൊപ്പം കോഴിക്കോട് എത്തുന്നത്. പത്ത് വർഷമായി മാമ്പറ്റമ്മലിൽ താമസം തുടങ്ങിയിട്ട്. തന്റെ ജീവിതത്തിലെ തുടർച്ചയായ 50 വർഷത്തിൽ ഒരിക്കൽ പോലും അദ്ദേഹം തൃശ്ശൂർ പൂരം ഒഴിവാക്കിയിട്ടില്ല. പന്ത്രണ്ടാം വയസ്സിൽ ആദ്യമായി താൻ ജോലി ചെയ്തിരുന്ന മിഠായി കമ്പനിയിൽ നിന്നും പൂരം കാണാൻ പോയതും, തിങ്ങി കൂടിയ ആളുകൾക്കൊപ്പം പൂരപ്പറമ്പിൽ ആവേശത്തോടെ നടന്നതും ഇന്നും മറക്കാത്ത ഓർമ്മയാണ് ഇദ്ദേഹത്തിന്.

ഇത്തവണ ലോകമെമ്പാടും പടർന്ന് വ്യാപിച്ച കോവിഡ് എന്ന മഹാമാരി നമ്മുടെ നാടിനെയും തേടിയെത്തിയപ്പോൾ ഇങ്ങനെ ചിലർക്ക് നഷ്ടപ്പെട്ടത് അവരുടെ രക്തത്തിൽ തന്നെ അലിഞ്ഞു ചേർന്ന മനോഹര ജീവിതാനുഭവങ്ങളാണ്. അത്തരമൊരു ദുഃഖത്തിന്റെ ഓർമകളിൽ ചിത്രക്കാരൻ കൂടിയായ രാമകൃഷ്ണൻ തന്റെ മനസ്സിൽ പതിഞ്ഞ പൂര കാഴ്ചകൾ സ്വന്തം വീടിന്റെ ചുമരിൽ വരച്ചിട്ടിരിക്കുകയാണ്. പൂര പറമ്പിലെ തന്റെ ആവേശവും, ആസ്വാദനവും, സന്തോഷവും ആ വരകളിൽ നിറഞ്ഞിരിക്കുന്നത് കാണാം. വെറും മൂന്ന് ദിവസങ്ങൾ കൊണ്ട് ആ ചിത്രം ചുമരിൽ പകർത്താൻ അദ്ദേഹത്തിന് സാധിച്ചത് 50 വർഷം ഇളകി മറിഞ്ഞ പൂരപ്പറമ്പുകൾ നെഞ്ചേറ്റിയത് കൊണ്ടാണ്. ഒപ്പം വീടിന്റെ അകത്തളത്തെ ചുമരിൽ ജീവൻ പൊലിഞ്ഞു പോയ ഗജ്ജ വീരൻ ഗുരുവാഴൂർ പത്മനാഭനന്റെ ചിത്രവും വരച്ചിടാൻ അദ്ദേഹം മറന്നില്ല.
ഒരു പൂര പ്രേമി എങ്ങനെ ആന പ്രേമി ആവാതിരിക്കും അല്ലെ !!!
ഒരു ചെറിയ ഓടിട്ട വീടിനുള്ളിൽ പൂരത്തിന്റെ ചരിത്രവും, ഐതീഹ്യങ്ങളും ,അനുഭവങ്ങളും രാമകൃഷ്ണൻ പങ്കു വെയ്ക്കുന്നത് കാണാൻ തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും കുടമാറ്റത്തോളം മനോഹരമായിരുന്നു. നീണ്ട ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ 36 മണിക്കൂർ നീണ്ടു നിൽക്കുന്ന ആ പൂരം വന്നെത്താൻ ഇത്തവണ സാധ്യമാകാത്തതിന്റെ വിഷമം അദ്ദേഹത്തിന് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഇനിയും കാത്തിരിപ്പാണ് പഞ്ചാരി മേളവും ഇലഞ്ഞിത്തറ മേളവും,പഞ്ചവാദ്യവും നിറഞ്ഞ, ജാതി-മത രാഷ്ട്രീയ ഭേദമന്യേ ലോകത്തെമ്പാടുമുള്ള മനുഷ്യർ തടിച്ചു കൂടുന്ന ആ പൂര പറമ്പിനായി. വർണ്ണ വിസ്മയം തീർക്കുന്ന വെടിക്കെട്ടിനായി. അതുവരെ തൃശ്ശൂർ പൂരത്തിന്റെ ഓർമ്മകൾക്കായ് ഇനിയും ചിത്രങ്ങൾ ഈ ചുവരിൽ പതിഞ്ഞു കൊണ്ടേയിരിക്കും.

