തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന് പുതിയ കല്ലറ ഒരുക്കി കുടുംബം. പൊലീസ് പൊളിച്ച കല്ലറക്ക് സമീപമാണ് പുതിയ കല്ലറ സ്ഥാപിച്ചത്. വൈകിട്ട് മൂന്നു മണിക്കാണ് ഗോപന്റെ സംസ്‌കാരം.
സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഘോഷയാത്രയായി സമാധി സ്ഥലത്തെത്തിക്കും വിപുലമായ ചടങ്ങുകളോടെ മഹാസമാധിയായി സംസ്‌കരിക്കും എന്ന് കുടുംബം നേരത്തെ അറിയിച്ചിരുന്നു. വിവിധ മഠങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍ ചടങ്ങിന്റെ ഭാഗമാകും.
അതേസമയം, ഗോപന്റെ മരണകാരണം സംബന്ധിച്ച ദുരൂഹതകളില്‍ വ്യക്തത വന്നിട്ടില്ല. മരണ സമയത്ത് വീട്ടിലുണ്ടായിരുന്ന ഇളയ മകനെ അടക്കം കുടുംബാംഗങ്ങളെ വീണ്ടും പൊലീസ് വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം. ഭസ്മം ശ്വാസകോശത്തില്‍ കടന്നോ എന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഗോപന്റെ തലയിലെ കരുവാളിച്ച പാടുകളെക്കുറിച്ചുള്ള ദുരൂഹതയും നീങ്ങേണ്ടതുണ്ട്.
ആന്തരികാവയവങ്ങളുടെ രാസഫലം അടക്കം പുറത്തുവന്നാല്‍ മാത്രമേ അന്തിമ നിഗമനത്തില്‍ എത്താന്‍ സാധിക്കൂ. ശരീരത്തില്‍ പ്രത്യക്ഷത്തില്‍ മുറിവുകളോ പരിക്കുകളോ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.