തെക്കൻ കേരളത്തിലെ രാഷ്ട്രീയക്കാരെ കുറിച്ചുള്ള പരാമർശം പിന്‍വലിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.മലബാറിലെ ഒരു നാടൻ കഥയാണ് താൻ പറഞ്ഞത്. അതിൽ മറ്റൊരു ദുരുദ്ദേശ്യവുമില്ല. തന്റെ പ്രസ്താവന ആർക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കിൽ അത് പിൻവലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല. വ്യാഖ്യാനങ്ങൾ മറ്റാരുടെയെങ്കിലും കുബുദ്ധിയാകാമെന്ന് അദ്ദേഹം പ്രതികരിച്ചു. തരൂരിന് പരിചയക്കുറവുണ്ടെന്ന് മാത്രമാണ് പറഞ്ഞത്. ‘ട്രെയിനി’ എന്ന് ഉപയോഗിച്ചിട്ടില്ലെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു.ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ കഥ പറഞ്ഞുകൊണ്ടാണ് സുധാകരൻ പ്രതികരിച്ചത്. ”അതിന് ചരിത്രപരമായ കാരണങ്ങൾ ഉണ്ട് . ഞാനൊരു കഥ പറയാം. രാവണനെ കൊന്ന ശേഷം പുഷ്പക വിമാനത്തിൽ ഭാര്യ സീതക്കും സഹോദരൻ ലക്ഷ്മണനും ഒപ്പം ലങ്കയിൽ നിന്ന് രാമൻ മടങ്ങുകയാണ് . കേരളത്തിന്റെ തെക്കൻ പ്രദേശത്തിന് മുകളിലൂടെ വിമാനം കടന്നുപോകുമ്പോൾ ..ലക്ഷ്മണൻ ആലോചിച്ചു …രാമനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നാലോ എന്ന് . അപ്പോഴേക്കും വിമാനം തൃശൂർ എത്തുകയും ലക്ഷ്മണന്റെ മനസ്സ് മാറുകയും ചെയ്തു. മാത്രമല്ല അദ്ദേഹത്തിന് പശ്ചാത്താപം ഉണ്ടായി. രാമനാകട്ടെ അവന്റെ തോളത്തു തട്ടി പറഞ്ഞു .. ‘അതെ , നിന്റെ മനസ്സ് ഞാൻ വായിച്ചു. നിന്റെ കുറ്റമല്ല, നമ്മൾ കടന്നു വന്ന നാടിന്റെ പ്രശ്നമാ”-സുധാകരൻ പറഞ്ഞു
‘വിഷമിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു’പറഞ്ഞത് മലബാറിലെ പഴയ കഥയെന്ന് സുധാകരൻ

