മലപ്പുറം: നിപ രോഗലക്ഷണങ്ങളുള്ള പത്തുപേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. കോഴിക്കോട്ടെ ലാബിലാണു പരിശോധന നടക്കുന്നത്. വണ്ടൂരില്‍ മരിച്ച 24കാരന്റെ സമ്പര്‍ക്കപ്പട്ടിക തയാറാക്കിവരികയാണ്.
ചെറിയ രീതിയില്‍ രോഗലക്ഷണങ്ങളുള്ളവരുടെ സാംപിളാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്ന് എടുത്തത്. അതേസമയം, ബെംഗളൂരുവില്‍നിന്ന് എത്തിയശേഷം യുവാവ് എവിടെയെല്ലാം പോയെന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. തിരുവാലി പഞ്ചായത്തില്‍ പനിയുമായി ബന്ധപ്പെട്ട സര്‍വേ പുരോഗമിക്കുകയാണ്. ഇന്നു വൈകീട്ട് സര്‍വേഫലം ലഭിക്കുമെന്ന് ഡിഎംഒ അറിയിച്ചു.
നിപ നിയന്ത്രണത്തിന്റെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കപ്പെട്ട വാര്‍ഡുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകള്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല. വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ പത്തു മുതല്‍ വൈകീട്ട് ഏഴുവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. സിനിമാ തിയറ്ററുകള്‍ പ്രവര്‍ത്തിക്കുന്നതു വിലക്കിയിട്ടുണ്ട്. അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.
തിരുവാലി പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ് വാര്‍ഡുകളും മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡുമാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചത്.