കോഴിക്കോട്: മനുഷ്യരാശിയുടെ ഭാവി നിലനിര്‍ത്താന്‍ സ്നേഹകൂട്ടായ്മകളിലൂടെയേ സാധിക്കൂവെന്ന് എം ടി വാസുദേവന്‍ നായര്‍. കാലാവസ്ഥാ വ്യതിയാനവും വിപത്തും ലോകനിയമമായി മാറി, മഹാവിപത്തുണ്ടാക്കുന്നു. സിംഗപ്പൂരിലും മലേഷ്യയില്‍ നിന്നുമെല്ലാം അത്തരം വാര്‍ത്തകളാണെന്നും ഈ സാഹചര്യത്തില്‍ ഒരുമയോടെ നില്‍ക്കലാണ് പ്രധാനം എന്നും അദ്ദേഹം പറഞ്ഞു. ദയാപുരം പ്രളയ പുനരധിവാസ സാമൂഹിക പുനര്‍ നിര്‍മാണ പദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ നല്‍കുകയായിരുന്നു അദ്ദേഹം.
കെ പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ 15 പേര്‍ക്ക് വീടിന്റെ താക്കോല്‍ നല്‍കി. എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. ഡോ. എം എം ബഷീര്‍ അധ്യക്ഷനായി. പി ടി എ റഹീം എംഎല്‍എ, ഡോ. എന്‍ പി ആഷ്ലി , എം പി അബ്ദുറസാഖ് എന്നിവര്‍ സംസാരിച്ചു. ആയിഷ ഹിന്ദ് സ്വാഗതവും ഹനാന്‍ അബ്ദുള്‍ നാസര്‍ നന്ദിയും പറഞ്ഞു.