കോഴിക്കോട്: സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായ ബഹുജന റാലിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം. വൈകിട്ട് 3 മുതല്‍ രാത്രി 10 വരെയാണ് നിയന്ത്രണം. പരിപാടി നടക്കുന്ന ബീച്ച് ഭാഗത്തേക്ക് വൈകുന്നേരം 3 മണി മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. നഗരത്തിലെ പ്രധാന റോഡുകളില്‍ വാഹന പാര്‍ക്കിങ് നിരോധിച്ചിട്ടുള്ളതിനാല്‍ റോഡരികിലും മറ്റ് നിരോധിത സ്ഥലങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
എലത്തൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ വെങ്ങാലി ബ്രിഡ്ജിന്റെ അടിയില്‍ കൂടെ പുതിയാപ്പ, ഭട്ട് റോഡ് ബീച്ച് വഴി ഗാന്ധി റോഡ് ജംഗ്ഷനില്‍ ആളെ ഇറക്കി ഭട്ട് റോഡ് ബീച്ച് റോഡ് അരുകില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി, കുന്ദമംഗലം, തിരുവമ്പാടി, കക്കോടി എന്നീ ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കണ്ണൂര്‍ റോഡ് ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷന് വഴി ഫ്ലൈഓവറിന് സമീപം ആളുകളെ ഇറക്കിയ ശേഷം നടക്കാവ് -എരഞ്ഞിപ്പാലം വഴി പി.ഡബ്ല്യു.ഡി. റോഡിലുള്ള സരോവരം ട്രേഡ് സെന്ററിന് സമീപമുള്ള മൈതാനിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
ഫറോക്ക്, രാമനാട്ടുകര, ബേപ്പൂര്‍ ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ പുഷ്പ ജംഗ്ഷന് – എ.കെ.ജി. ഫ്ലൈ ഓവര്‍ വഴി സീ ക്യൂന്‍ ഹോട്ടലിന് സമീപം ആളുകളെ ഇറക്കിയ ശേഷം തിരിച്ച് കോതി സൗത്ത് ബീച്ചില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
നഗരപരിധിയില്‍ നിന്ന് ബീച്ചിലേക്ക് ആളുകളെ എത്തിക്കുന്ന വാഹനങ്ങള്‍: ക്രിസ്ത്യന്‍ കോളജ് – കണ്ണൂര്‍ റോഡ് ജംഗ്ഷനില്‍ ആളുകളെ ഇറക്കിയ ശേഷം അശോകപുരം വഴി സരോവരം റോഡിന് എതിര്‍വശത്തുള്ള ഗ്രൗണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
നഗരത്തിലെ പ്രധാന റോഡുകളില്‍ വാഹന പാര്‍ക്കിംഗ് നിരോധിച്ചിട്ടുള്ളതിനാല്‍ റോഡരികിലും മറ്റ് നിരോധിത സ്ഥലങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല.
എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവര്‍ യാത്രാസമയം കണക്കിലെടുത്ത് നേരത്തെ യാത്രതിരിക്കേണ്ടതാണ്.
അടിയന്തിര ഘട്ടങ്ങളില്‍ ബന്ധപ്പെടാവുന്ന പോലീസ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ 0495 2721017, 9497975656.

