ജോയിയുടെ മരണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു. ജോയിക്ക് ആദരാഞ്ജലികള്‍ എന്ന് തുടങ്ങിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. നന്മയുള്ള എത്ര മാത്രം മനുഷ്യ ഹൃദയങ്ങളാണ് ജോയിക്കു വേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ടാകുക. പ്രാര്‍ഥനകളെല്ലാം വിഫലമായി. സുരക്ഷാ സംവിധാനം ഒന്നുമില്ലാതെ മലിനജലത്തിലേക്ക് എടുത്തു ചാടേണ്ടി വന്നത് ആ പാവത്തിന്റെ നിസഹായതയാകാം. പക്ഷെ ഭരണ സംവിധാനത്തിന്റെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഇരയാണ് ആ മനുഷ്യന്‍, വി ഡി സതീശൻ പറഞ്ഞു.ഒരു മനുഷ്യന്റെ തിരോധാനത്തിന് പിന്നാലെ മണിക്കൂറുകള്‍ക്കകം യന്ത്ര സഹായത്താല്‍ ടണ്‍ കണക്കിന് മാലിന്യങ്ങള്‍ നീക്കം ചെയ്തു. നേരത്തെ ഇത് ചെയ്യാന്‍ എന്തായിരുന്നു തടസം.46 മണിക്കൂറിലധികം നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് ജോയിയുടെ ചേതനയറ്റ ശരീരം കണ്ടെത്തിയത്. ഫയര്‍ഫോഴ്സ്, എന്‍.ഡി.ആര്‍.എഫ്, സ്‌കൂബ ടീം, നേവി, ശുചീകരണ തൊഴിലാളികള്‍, പോലീസ്, മാധ്യമങ്ങള്‍ അങ്ങനെ ഈ ദൗത്യത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും നന്ദി.ജോയിയുടെ വയോധികയായ മാതാവ് ഉള്‍പ്പെടെ ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം കൂടി ഉണ്ടെന്നത് സര്‍ക്കാര്‍ മറക്കരുത് എന്നും എല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു എന്നും പറഞ്ഞാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറിപ്പ് അവസാനിപ്പിച്ചത്.
ഭരണ സംവിധാനത്തിന്റെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഇരയാണ് ആ മനുഷ്യന്‍- ജോയിക്ക് ആദരാഞ്ജലികൾ നേർന്ന് പ്രതിപക്ഷ നേതാവ്
