സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നിനാണ് ഫലപ്രഖ്യാപനം. പൊതുവിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ് ആണ് ഫലപ്രഖ്യാപനം നിര്‍വഹിക്കുക.
ഉച്ചയ്ക്ക് 3.30 മുതല്‍ വെബ്‌സൈറ്റുകളിലും സംസ്ഥാന ഐ.ടി മിഷന്റെ 9188619958 എന്ന വാട്‌സ്ആപ്പ് നമ്പര്‍ വഴിയും നമ്മുടെ കേരളെ എന്ന മൊബൈല്‍ ആപ്പിലൂടെയും ഫലം അറിയാന്‍ സാധിക്കും. ഗള്‍ഫ് മേഖലയിലെ വിദ്യാര്‍ഥികളുടെ ഫലവും പ്രഖ്യാപിക്കും.
ഇത്തവണ 417497 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.
സാധാരണഗതിയില്‍ വിദ്യാഭ്യാസമന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറാത്തത് കാരണമാണ് വകുപ്പ് സെക്രട്ടറി ഫലം പ്രഖ്യാപിക്കുന്നത്. പരീക്ഷ ഫലപ്രഖ്യാപനം നീണ്ടുപോകുന്നതില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെ വകുപ്പ് സെക്രട്ടറി ഫലം പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു

