കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കാരന്തൂർ മർക്കസ് സന്ദർശിച്ചു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സന്ദർശനത്തിനിടെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും മർക്കസിലെത്തി കാന്തപുരത്തെ കണ്ടത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി.
ഉന്നതതല സംഘത്തോടൊപ്പം മർക്കസിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. വിദ്യാഭ്യാസ പുരോഗതി, ലോകസമാധാനം, സാമൂഹിക സൗഹാർദം, നീതിപൂർവവും കരുണാർദ്രവുമായ സമൂഹത്തിൻ്റെ നിർമിതി തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും ആശയവിനിമയം നടത്തി. പരസ്പര ധാരണ വളർത്തുന്നതിനും സമാധാനപരമായ സഹവർത്തിത്വത്തിനും വ്യത്യസ്ത സമൂഹങ്ങൾക്കിടയിൽ സൗഹൃദത്തിൻ്റെ പാലങ്ങൾ പണിയുന്നതിനും വിദ്യാഭ്യാസത്തിനും അറിവിനും വലിയ പങ്കുവഹിക്കാനുണ്ടെന്ന് കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. മാനവികതയുടെയും സാമൂഹിക പുരോഗതിയുടെയും വശങ്ങളെ മുൻനിർത്തിയുള്ള കാഴ്ചപ്പാടുകൾ മലേഷ്യൻ പ്രധാനമന്ത്രി പങ്കുവച്ചു.
മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം മർക്കസിന് വലിയ ആദരവും പ്രചോദനവുമാണെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാഭ്യാസ, സാമൂഹിക മേഖലകളിലെ സഹകരണത്തിന് ഈ സന്ദർശനം വഴിവയ്ക്കുമെന്നും മർക്കസ് പ്രതികരിച്ചു. പ്രമുഖ വ്യക്തിത്വങ്ങളും സ്ഥാപന പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷമാണ് അൻവർ ഇബ്രാഹിം കേരളത്തിലെത്തിയത്. കാന്തപുരത്തിനൊപ്പം അദ്ദേഹം ദക്ഷിണേന്ത്യയിലെ പ്രധാന തീർഥാടന കേന്ദ്രമായ മടവൂർ സി.എം വലിയുല്ലാഹി മഖാമും സന്ദർശിച്ചു. കഴിഞ്ഞ വർഷം മലേഷ്യൻ സർക്കാരിൻ്റെ പരമോന്നത ബഹുമതിയായ ഹിജ്റ അവാർഡ് കാന്തപുരത്തിന് ലഭിച്ചിരുന്നു.
രാഷ്ട്രീയ ചർച്ചയായി ലീഗ് നേതാക്കളുടെ സന്ദർശനം
മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ മർക്കസ് മറ്റൊരു നിർണായക കൂടിക്കാഴ്ചയ്ക്കും സാക്ഷ്യം വഹിച്ചു. സമസ്തയിലെ പിളർപ്പിന് ശേഷം ഇതാദ്യമായാണ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ കാണാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എത്തുന്നത്. ഒപ്പം പി.കെ കുഞ്ഞാലിക്കുട്ടിയും എത്തിയ സംഭവത്തിന് രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യമാണ് കൈവന്നിരിക്കുന്നത്. മലേഷ്യൻ പ്രധാനമന്ത്രി കാന്തപുരവുമായി നടത്തിയ സ്വകാര്യ സന്ദർശന ചടങ്ങിനിടെയാണ് മുസ്‌ലിം ലീഗ് നേതാക്കളുടെ ഈ നിർണായക സന്ദർശനം.
സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും കാന്തപുരവുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. കാന്തപുരത്തിനൊപ്പം പ്രാർഥനയിലും ചായസൽക്കാരത്തിലും ഇരുവരും പങ്കെടുത്തു. എസ്.വൈ.എസ് സംസ്ഥാന പ്രസിഡൻ്റ് അബ്ദുൽ ഹക്കീം അസ്ഹരി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഖലീൽ ബുഖാരി തങ്ങൾ എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. പൊതുപരിപാടിയിൽ മുസ്‌ലിം ലീഗ് നേതാക്കൾ പങ്കെടുത്തില്ലെങ്കിലും മലേഷ്യൻ പ്രധാനമന്ത്രിയുമായി ഇവർ കൂടിക്കാഴ്ച നടത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എ.പി സമസ്തയുടെ പരിപാടികളിൽ മുൻപ് ഇ.കെ സമസ്ത നേതാക്കൾ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ തന്നെ മർക്കസിലെത്തി കാന്തപുരത്തെ സന്ദർശിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാകും. പൊതു ഇടങ്ങളിലെ സ്ത്രീസമ്പർക്കവുമായി ബന്ധപ്പെട്ട് കാന്തപുരം നടത്തിയ വിവാദ പ്രസ്താവനയെ പാണക്കാട് തങ്ങളും മുസ്‌ലിം ലീഗും തള്ളിയില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ അനുകൂലിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. വർഷങ്ങളായി ചർച്ച ചെയ്യപ്പെടുന്ന സമസ്തകളുടെ കൂടിച്ചേരലിനും ഐക്യത്തിനും ഈയൊരു സന്ദർശനം വഴിവയ്ക്കുമോ എന്നതാണ് ഇനി വരാൻ പോകുന്ന പ്രധാന ചർച്ച.

