National

സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: വി ഡി സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. സവര്‍ക്കറെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ യുപിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രജിസ്റ്റര്‍ ചെയ്ത വിദ്വേഷ പ്രസംഗക്കേസ് സുപ്രീംകോടതി റദ്ദാക്കി. ഐപിസി 153A പ്രകാരമുള്ള കേസില്‍ നടപടിയെടുക്കാന്‍ ആവശ്യമായ യുപി സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, ഷീല്‍ നാഗു എന്നിവരടങ്ങിയ ബെഞ്ച്, അനുമതിയില്ലാത്ത സാഹചര്യത്തില്‍ കേസുമായി മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമാക്കി. ഇതോടെ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച സമന്‍സ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികളും റദ്ദാക്കിയിട്ടുണ്ട്.

2022 ല്‍ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് രാഹുല്‍ ഗാന്ധി വിഡി സവര്‍ക്കറെ വിമര്‍ശിക്കുന്ന പരാമര്‍ശം നടത്തിയത്. സവര്‍ക്കരെ ബ്രിട്ടീഷുകാരുടെ സേവകന്‍ എന്ന് വിളിച്ചെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇത് പരാമര്‍ശിച്ച് ലഘുരേഖ വിതരണം ചെയ്‌തെന്നും കാണിച്ച് ഒരു അഭിഭാഷകന്‍ ലക്‌നൗ കോടതിയില്‍ പരാതി നല്‍കിയിരുന്നു. രാഹുല്‍ ഹാജരാകണം എന്ന് നിര്‍ദ്ദേശിച്ച് 2024 നവംബറില്‍ ലക്‌നൗ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് വിഷയം സുപ്രീംകോടതിയിലെത്തിയത്. കേസ് പരിഗണിച്ച ജസ്റ്റിസ് ദീപാങ്കര്‍ ദത്ത ജസ്റ്റിസ് മന്‍മോഹന്‍ എന്നിവരുടെ ബഞ്ച് രാഹുല്‍ ഗാന്ധിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ചരിത്രമറിയാതെ രാഹുല്‍ഗാന്ധി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് കോടതി താക്കീത് നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ സവര്‍ക്കരെ പുകഴ്ത്തി കത്തെഴുതിയതിനെ കുറിച്ച് അറിയാമോ എന്നും കോടതി ചോദിച്ചിരുന്നു.

വൈസ്രോയിക്ക് കത്തയക്കുമ്പോള്‍ മഹാത്മാഗാന്ധിയും നിങ്ങളുടെ വിശ്വസ്തസേവകന്‍ എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. അതുകൊണ്ട് മഹാത്മാഗാന്ധിയെ ബ്രിട്ടീഷുകാരുടെ സേവകന്‍ എന്ന് പറയാനാകുമോ എന്നും കോടതി ചോദിച്ചിരുന്നു. ഒരു പാര്‍ട്ടിയുടെ നേതാവായ രാഹുല്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും സവര്‍ക്കറെ പോലുള്ള സ്വാതന്ത്ര്യസമരസേനാനികളെ അധിക്ഷേപിക്കരുതെന്നും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രസ്താവന ആവര്‍ത്തിക്കില്ലെന്ന് അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി ഉറപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ രാഹുലിനെതിരായ ലക്‌നൗ കോടതി നോട്ടീസ് സ്റ്റേ ചെയ്ത രണ്ടംഗ ബെഞ്ച് ഉറപ്പ് ലംഘിച്ചാല്‍ സ്വമേധയാ നടപടി എടുക്കുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!